Dailyhunt
ക്ഷയരോഗ പദ്ധതിയ്ക്ക്  പുതുജീവന്‍

ക്ഷയരോഗ പദ്ധതിയ്ക്ക് പുതുജീവന്‍

2,747 രോഗികളെക്കൂടി കണ്ടെത്തി

കൊച്ചി: കൊവിഡ് ബാധിച്ച ക്ഷയരോഗമുക്ത കേരളം പദ്ധതിയ്ക്ക് പുതുജീവന്‍. പദ്ധതിയുടെ മൂന്നാം ഘട്ടമായ അക്ഷയ കേരളം പരിപാടിയിലൂടെ കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് 2,747 പുതിയ രോഗബാധിതരെ കണ്ടെത്തി. ഇവര്‍ക്ക് ചികിത്സ നല്‍കിവരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഉണ്ടായ രോഗബാധാ നിര്‍ണയത്തിലെ കുറവ് പരിഹരിക്കാനാണ് അക്ഷയ കേരളം പരിപാടി നടപ്പാക്കിയത്. സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ നടത്തിയ പരിശോധനയില്‍ 1,919 പേരെയും സ്വകാര്യ മേഖലയില്‍ നിന്ന് 828 പേരെയുമാണ് കണ്ടെത്തിയത്.
ആരോഗ്യ വകുപ്പിന്റെ നിഗമനപ്രകാരം 1,500 രോഗബാധിതര്‍ കൂടിയുണ്ട്. ക്ഷയരോഗബാധിതരെ കണ്ടെത്തുന്നതിന് കഴിഞ്ഞ മാസം രണ്ടിനാണ് പദ്ധതി ആരംഭിച്ചത്.

കൊവിഡിനൊപ്പം ക്ഷയരോഗ പരിശോധന കൂടി ആരംഭിക്കുകയും വീടുകളിലെത്തി സാമ്ബിളുകള്‍ ശേഖരിക്കുകയുമാണ് ചെയ്യുന്നത്. കേന്ദ്ര ടി.ബി ഡിവിഷന്റെ കണക്കുകള്‍ പ്രകാരം തിരുവനന്തപുരത്താണ് കൂടുതല്‍ രോഗബാധിതര്‍. 338 പേര്‍. എറണാകുളം 320, കോഴിക്കോട് 242 എന്നീ ജില്ലകളാണ് തൊട്ട് പിന്നില്‍. മാര്‍ച്ച്‌ മുതല്‍ ആറു മാസത്തിനിടെ 12,592 ക്ഷയരോഗ ബാധിതരെയാണ് സംസ്ഥാനത്ത് കണ്ടെത്താനായത്. കഴിഞ്ഞവര്‍ഷം ഇത് 17,324 ആയിരുന്നു. സെപ്തംബറില്‍ 1495, ആഗസ്റ്റില്‍ 1,277, ജൂലായില്‍ 1,541 എന്നിങ്ങനെയാണ് രോഗ നിരക്ക്. ജനുവരിയില്‍ 2,338 പേരില്‍ ക്ഷയം കണ്ടെത്തി.

ഒക്ടോബര്‍, നവംബര്‍ മാസം കണ്ടെത്തിയ രോഗികളുടെ കണക്ക്
ജില്ല, സര്‍ക്കാര്‍ മേഖല, സ്വകാര്യ മേഖല

ആലപ്പുഴ-105 -28
എറണാകുളം: 180-140
ഇടുക്കി: 49- 16
കണ്ണൂര്‍: 151-58
കാസര്‍കോട്: 61-10
കൊല്ലം:119- 41
കോട്ടയം:132 - 92
കോഴക്കോട് :150-172
മലപ്പുറം:191 -52
പാലക്കാട് :155-45
പത്തനം തിട്ട: 93-20
തിരുവനന്തപുരം: 296-42
തൃശൂര്‍: 175- 93
വയനാട്: 62-19
ആകെ: 1919- 828

സെപ്തംബര്‍ വരെ 968 മരണം

ക്ഷയരോഗത്തിന് ചികിത്സയിലിരുന്ന 968 പേരാണ് ഈവര്‍ഷം മരിച്ചത്. 251 പേര്‍ക്ക് കടുത്ത ക്ഷയമായിരുന്നു. മറ്റുള്ളവര്‍ക്ക് അനുബന്ധരോഗങ്ങളും മരണകാരണമായി. സംസ്ഥാന ടി.ബി. സെല്ലിന്റെ ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കണക്കാണിത്. മരിച്ചവരില്‍ 216 പേര്‍ സ്വകാര്യ ആശുപത്രികളിലെ രോഗികളാണ്. ക്ഷരോഗവും കൊവിഡും ഒരേസമയം സ്ഥിരീകരിച്ച 41 പേരില്‍ ആറുപേര്‍ മരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi