Dailyhunt
കുണ്ടും കുഴിയും നിറഞ്ഞ് അണപ്പാട് - ഭജനമഠം റോഡ്

കുണ്ടും കുഴിയും നിറഞ്ഞ് അണപ്പാട് - ഭജനമഠം റോഡ്

മലയിന്‍കീഴ്: കാല്‍നടയാത്ര പോലും അസാധ്യമായ ഒരു റോഡ് കാരണം ഒരു നാടാകെ ദുരിതത്തിലായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലുള്‍പ്പെട്ട അണപ്പാട് - ഭജനമഠം റോഡാണ് തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നത്.

അണപ്പാട് - പോങ്ങുംമൂട് പ്രധാന റോഡില്‍ അണപ്പാട് പാലത്തിന് സമീപത്തുനിന്ന് ആരംഭിക്കുന്ന ഈ റോഡ് നെല്ലിക്കാട്, അന്തിയൂര്‍ക്കോണം, കല്ലുവരമ്ബ്, കണ്ടല, തൂങ്ങാംപാറ, പോങ്ങുംമൂട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകനുള്ള എളുപ്പമാര്‍ഗമാണ്. ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ട് വിനിയോഗിച്ച്‌ 8 വര്‍ഷം മുന്‍പ് ഈ റോഡ് നവീകരിച്ചിരുന്നു.

റോഡില്‍ കുണ്ടും കുഴിയുമുള്ള ഭാഗങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നുണ്ട്.

ടാറിംഗ് ഇളകിമാറി വന്‍കുഴികള്‍ രൂപപ്പെട്ടതിനാല്‍ ഇതുവഴിയുള്ള വാഹനയാത്രയും ദുഷ്കരമാണെന്ന് നാട്ടുകാര്‍ പറയുന്നു. കൂടാതെ റോഡ് ആരംഭിക്കുന്നിടത്തുള്ള വലിയ ഇറക്കത്തിലും കയറ്റത്തിലും രൂപപ്പെട്ടിരിക്കുന്ന വന്‍കുഴികള്‍ സൃഷ്ടിക്കുന്ന അപകടസാധ്യത ഏറെയാണ്.

എന്‍. ശക്തന്‍ മന്ത്രിയായിരുന്ന കാലത്ത് ഇതുവഴി കെ.എസ്.ആര്‍.ടി.സി.ബസ് സര്‍വീസ് ഉണ്ടായിരുന്നു. പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമായിട്ടായിരുന്നു ബസ് സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ റോഡിന്റെ ശോചനീയാവസ്ഥ കാരണം ബസ് സര്‍വീസ് നിറുത്തലാക്കിയിരുന്നു. പലരുടെയും ശ്രമഫലമായി ബസ് സര്‍വീസ് പുനഃരാരംഭിച്ചെങ്കിലും മാസങ്ങള്‍ക്കൊടുവില്‍ വീണ്ടും സര്‍വീസ് നിറുത്തലാക്കി. പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ റോഡ്.

 ജനങ്ങളുടെ ആവശ്യം

അണപ്പാട്, ഭജനമഠം, കുഴിവിള ഭാഗത്തുള്ളവര്‍ക്ക് കിള്ളി, കാട്ടാക്കട ഭാഗത്തേക്ക് പോകുന്നതിനുള്ള മാര്‍ഗമാണ് ഈ റോഡ്. രണ്ട് കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള അണപ്പാട് - ഭജനമഠം റോഡ് അടിയന്തരമായി നവീകരിക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം. എം.എല്‍.എ, ജില്ലാ പഞ്ചായത്ത്, പഞ്ചായത്തിന്റെ തനത് ഫണ്ടുകള്‍ വിനിയോഗിച്ച്‌ ഈ റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികളും പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. അധികൃതരുടെ അവഗണന തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നാണ് നാട്ടുകാരുടെ പക്ഷം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi