മുംബയ്: മഹാരാഷ്ട്രയിലെ അംബോലി വെള്ളച്ചാട്ടത്തില്‍ കുട്ടിയുമായി നിന്ന യുവാവിന്റെ തോളിലേക്ക് കൂറ്റൻ പാമ്പ് വീണത് വലിയ പരിഭ്രാന്തി പരത്തി.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. മഹാരാഷ്ട്രയിലെ സിന്ധുദർഗ് ജില്ലയിലാണ് സഹ്യാദ്രി മലനിരകളോട് ചേർന്നുള്ള പ്രശസ്ത മഴക്കാല വിനോദസഞ്ചാര കേന്ദ്രമായ അംബോലി വെള്ളച്ചാട്ടം.
കുഞ്ഞിനെയും കയ്യിലെടുത്ത് വെള്ളച്ചാട്ടത്തിന് സമീപത്ത് നില്‍ക്കുകയായിരുന്ന യുവാവിന്റെ പുറത്തേക്ക് അപ്രതീക്ഷിതമായാണ് മുകളിലുള്ള പാറക്കെട്ടില്‍ നിന്ന് പാമ്പ് വീണത്. സമീപത്ത് കുടുംബാംഗങ്ങളും മറ്റ് വിനോദസഞ്ചാരികളും ഉണ്ടായിരുന്നു. പാമ്പ് വീണതോടെ യുവാവും സമീപത്തുണ്ടായിരുന്നവരും ഭയന്ന് എന്തുചെയ്യണമെന്നറിയാതെ പരിഭ്രാന്തരായി. പെട്ടെന്ന് തന്നെ താഴേക്ക് വീണ പാമ്പ് സമീപത്തെ പാറയിടുക്കിലേക്ക് ഇഴഞ്ഞുപോകുകയും ചെയ്തു.
സംഭവം കണ്ട് ആളുകള്‍ നിലവിളിച്ച് ആ സ്ഥലത്തുനിന്ന് മാറുന്നതും വീഡിയോയില്‍ കാണാം. വീഡിയോയില്‍ ഒരാള്‍ പാമ്പിനെ 'വലിയ പാമ്പാണ്, മൂർഖനാണ്' എന്ന് പറയുന്നതും കേള്‍ക്കാം. നല്ല വലിപ്പത്തിലും കറുത്ത നിറത്തിലുമുള്ള പാമ്പാണ് സന്ദർശകരുടെ പുറത്തേക്ക് വീണത്. ഏത് ഇനത്തില്‍പ്പെട്ട പാമ്പാണെന്നോ എത്രത്തോളം വിഷമുള്ള ഇനമാണെന്നതോ സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. അംബോലി വെള്ളച്ചാട്ടത്തിലെത്തിയ ഒരു വിനോദസഞ്ചാരിയാണ് ദൃശ്യങ്ങള്‍ പകർത്തിയത്. ആർക്കും പരിക്കുകളോ പാമ്പുകടിയേല്‍ക്കുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം.
സംഭവത്തെത്തുടർന്ന് മഴക്കാലത്ത് വെള്ളച്ചാട്ടങ്ങളിലും വനമേഖലകളിലും പോകുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി. നനഞ്ഞ പാറയിടുക്കുകളിലും കാടുകളിലും വന്യജീവികളും പാമ്പുകളും അഭയം പ്രാപിക്കാൻ സാദ്ധ്യതയുള്ളതിനാല്‍ വിനോദസഞ്ചാരികള്‍ ഇവിടങ്ങളില്‍ സുരക്ഷിതമായ അകലം പാലിക്കേണ്ടതുണ്ടെന്നും അധികൃതർ പറഞ്ഞു.

