Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുവൈറ്റില്‍ ആക്രമണം: ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു,  വീണ്ടും ഇറാന്റെ  ചോരക്കളി

കുവൈറ്റില്‍ ആക്രമണം: ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, വീണ്ടും ഇറാന്റെ ചോരക്കളി

63 പേർക്ക് പരിക്ക്, പശ്ചിമേഷ്യ വീണ്ടും കലുഷിതം

ടെഹ്റാൻ: യു.എസുമായുള്ള സമാധാന ചർച്ച താളംതെറ്റിയതിനു പിന്നാലെ, ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ വീണ്ടും ഇറാൻ ആക്രമണം.

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കനത്ത നാശംവിതച്ച വ്യോമാക്രമണത്തില്‍ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. 63 പേർക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുമലയാളികള്‍ ഉള്‍പ്പെടെ 12 പേർ ഇന്ത്യക്കാരാണ്.

ഇന്നലെ പുലർച്ചെ വിമാനത്താവളത്തിന്റെ ടെർമിനല്‍ ഒന്നിലേക്ക് ഇറാനിയൻ ഡ്രോണുകള്‍ പതിക്കുകയായിരുന്നു. സർവീസുകള്‍ നിറുത്തിവച്ചെങ്കിലും വൈകിട്ടോടെ പുനഃസ്ഥാപിച്ചു തുടങ്ങി. നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

സമീപത്തെ സിവിലിയൻ, നയതന്ത്ര കേന്ദ്രങ്ങള്‍ക്കും നാശനഷ്ടമുണ്ടായെന്ന് കുവൈറ്റ് അറിയിച്ചു. നയതന്ത്ര കേന്ദ്രം ഏതെല്ലാമെന്ന് കുവൈറ്റ് വ്യക്തമാക്കിയില്ല. അതേസമയം, യു.എസ് സൈനികർ തമ്പടിച്ചിരിക്കുന്ന അലി അല്‍ സലീം എയർബേസിന് നേരെയുണ്ടായ ആക്രമണം തകർത്തു. ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ ഇറാനിയൻ എംബസിയിലെ രണ്ട് നയതന്ത്രജ്ഞരെ കുവൈറ്റ് പുറത്താക്കി.

ബഹ്റൈനില്‍ മനാമയ്ക്ക് അടുത്തെ യു.എസ് നാവിക കേന്ദ്രത്തെ ലക്ഷ്യമിട്ട ഇറാൻ മിസൈലുകളും ഡ്രോണുകളും തടയാനായി. ഹോർമുസ് കടലിടുക്കിന് സമീപം യു.എസുമായി ബന്ധമുള്ള 'എം.എസ്.സി പനായ" ചരക്കുകപ്പലിനെ ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു.

# യു.എസ് പ്രകോപനത്തിന് തിരിച്ചടി

ചൊവ്വാഴ്ച രാത്രി ഹോർമുസിന് സമീപമുണ്ടായ യു.എസ് പ്രകോപനമാണ് ഇറാൻ ആക്രമണത്തിന് നിമിത്തമായത്. നാവിക ഉപരോധം മറികടന്ന് ഇറാനിലേക്ക് പോകാൻ ശ്രമിച്ച എണ്ണ ടാങ്കർ 'എം.ടി ലെക്സിയെ" യു.എസ് നേവി തടഞ്ഞു. എൻജിൻ റൂമിലേക്ക് മിസൈലയച്ച്‌ നിശ്ചലമാക്കി. തെക്കൻ ഇറാനിലെ ഖേഷം ദ്വീപിലെ മിലിട്ടറി കണ്‍ട്രോള്‍ സ്റ്റേഷൻ തകർത്തു. യു.എസ് ആക്രമണങ്ങള്‍ കുവൈറ്റിന്റെയും ബഹ്റൈനിന്റെയും പിന്തുണയോടെയെന്ന് ഇറാൻ.

# പരസ്‌പര വിരുദ്ധം

യു.എസുമായി മദ്ധ്യസ്ഥർ വഴിയുള്ള ചർച്ച നിറുത്തിയെന്ന് ഇറാൻ ആവർത്തിച്ചു. എന്നാല്‍, ചർച്ച തുടരുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.

യു.എസിന്റെ ഏതൊരു ആക്രമണത്തിനും മിസൈലുകളും ഡ്രോണുകളും കൊണ്ട് ഉടൻ തിരിച്ചടി നല്‍കും.

- ഇറാൻ

അപലപിച്ച്‌ ഇന്ത്യ

ന്യൂഡല്‍ഹി: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടെന്ന് വിദേകാര്യ വക്താവ് രണ്‍ധീർ ജയ്‌സ്വാള്‍ ന്യൂഡല്‍ഹിയില്‍ സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ അപലപിച്ചു. പശ്ചിമേഷ്യയില്‍ സംഘർഷം ആരംഭിച്ചതുമുതല്‍, സിവിലിയൻ ജനതയെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വയ്ക്കരുതെന്ന് ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടു വരികയാണെന്ന് രണ്‍ധീർ പറഞ്ഞു. അത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കാൻ വീണ്ടും എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുന്നു. മരിച്ചയാളുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നു. പരിക്കേറ്റവർക്ക് സാദ്ധ്യമായ എല്ലാ സഹായവും എംബസി വഴി നല്‍കും. ഇന്ത്യൻ മിഷനുകള്‍ ജാഗ്രതയിലാണ്.

വിമാനങ്ങള്‍ മുടങ്ങി

നെടുമ്പാശേരി: ഇറാൻ ആക്രമണത്തെത്തുടർന്ന് കൊച്ചിയില്‍ നിന്നുള്ള രണ്ട് കുവൈറ്റ് സർവീസുകള്‍ ഇന്നലെ മുടങ്ങി. പുലർച്ചെ 3.05ന് പുറപ്പെടേണ്ടിയിരുന്ന അല്‍ജസീറ വിമാനം, രാത്രി 9.45ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനം എന്നിവയാണ് റദ്ദാക്കിയത്. അതേസമയം, കുവൈറ്റ് എയർവേയ്സ് രണ്ട് സർവീസുകള്‍ നടത്തി. ഇന്നലെ ഉച്ചയ്‌ക്ക് 11.45ന് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ബഹ്റൈൻ വിമാനവും റദ്ദാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi