Dailyhunt
ലൈംഗികാരോപണം: കര്‍ണാടക മന്ത്രി രാജിവച്ചു

ലൈംഗികാരോപണം: കര്‍ണാടക മന്ത്രി രാജിവച്ചു

ബംഗളൂരു: സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപണത്തെ തുടര്‍ന്ന് കര്‍ണാടക ബി.ജെ.പി നേതാവും ജലവിഭവമന്ത്രിയുമായ രമേശ് ജര്‍ക്കിഹോളി രാജിവച്ചു.

കഴിഞ്ഞദിവസമാണ് ജര്‍ക്കിഹോളിക്കെതിരെയുള്ള ലൈംഗികാരോപണ വീഡിയോ പുറത്തായത്. സമൂഹമാദ്ധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വീഡിയോ വ്യാജമാണെന്നും തെറ്റുകാരനെന്ന് കണ്ടെത്തിയാല്‍ രാഷ്ട്രീയം വിടുമെന്നും ജര്‍ക്കിഹോളി പ്രതികരിച്ചു.

എന്നാല്‍ ഇന്നലെ ജര്‍ക്കിഹോളി രാജിക്കത്ത് മുഖ്യമന്ത്രി യെദിയൂരപ്പയ്ക്ക് കൈമാറുകയായിരുന്നു. രാജി സ്വീകരിച്ച യെദിയൂരപ്പ, അത് ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചു.

തനിക്കെതിരായ ആരോപണം അസത്യമാണെന്നും സത്യസന്ധമായ അന്വേഷണം നടക്കേണ്ടതിനാല്‍ ധാര്‍മികത മുന്‍നിറുത്തി രാജിവയ്ക്കുകയാണെന്ന് രാജിക്കത്തില്‍ പറയുന്നു.

ബംഗളൂരുവിലെ സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകനും നാഗരിക ഹക്കു ഹോരാട്ട സമിതി പ്രസിഡന്റുമായ ദിനേഷ് കല്ലഹള്ളിയാണ് ജര്‍ക്കിഹോളിക്കെതിരെ ബംഗളൂരു പൊലീസില്‍ ലൈംഗിക പീഡന പരാതി നല്കിയത്. കെ.പി.ടി.സി.എല്ലില്‍ ജോലി വാഗ്ദാനം ചെയ്ത് 25 വയസുള്ള യുവതിയെ മന്ത്രി പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. യുവതി തന്നെ പകര്‍ത്തിയ ദൃശ്യങ്ങളും ഫോണ്‍കാള്‍ റെക്കാഡ്സും തെളിവായി നല്കി. ഇതറിഞ്ഞ മന്ത്രി യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയെന്നും ദിനേഷ് വ്യക്തമാക്കി.

ജര്‍ക്കിഹോളിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി.

നേരത്തേ കോണ്‍ഗ്രസ് നേതാവും രണ്ടുതവണ മന്ത്രിയുമായ രമേശ് ജര്‍ക്കിഹോളി കോണ്‍ഗ്രസ്‌ ജെ.ഡി.എസ് സഖ്യകക്ഷി സര്‍ക്കാരിനെ മറിച്ചിട്ട് ബി.ജെ.പിയിലേക്ക് ചുവടുമാറിയ എം.എല്‍.എമാരിലൊരാളാണ്. ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച്‌ ജയിച്ച്‌ മന്ത്രിയാകുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi