മയാമി: ഫിഫാ ലോകകപ്പ് ഫുട്‌ബോള്‍ നടക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അർജന്റീന ക്യാമ്പിനെ ആശങ്കയിലാഴ്ത്തി ലയണല്‍ മെസിക്ക് പരിക്ക്.
മേജർ ലീഗ് സോക്കറില്‍ ഫിലാഡല്‍ഫിയ യൂണിയനെതിരായ മത്സരത്തിനിടെ 73ാം മിനിട്ടില്‍ ഇടത് കാലിലെ തുടയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് താരം കളം വിടുകയായിരുന്നു. അതേസമയം, ഭയപ്പെടാനൊന്നുമില്ലെന്നാണ് ടീമിനൊപ്പമുള്ള മാദ്ധ്യമപ്രവർത്തകർ വ്യക്തമാക്കുന്നത്. കനത്ത മഴ പെയ്‌ത മൈതാനത്ത് തുടർന്ന് കളിക്കുന്നത് അപകടമാണെന്ന് മനസിലാക്കി മെസി സ്വീകരിച്ച മുൻകരുതല്‍ മാത്രമാണിതെന്നാണ് വിലയിരുത്തലുകള്‍.
പരിക്കിന്റെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും ആരുടെയും സഹായമില്ലാതെ താരം സ്വയം നടന്നുതന്നെയാണ് ഡ്രസിംഗ് റൂമിലേക്ക് പോയത്. കളംവിടും മുൻപ് രണ്ട് അസിസ്റ്റുകളുമായി ടീമിന്റെ മുന്നേറ്റത്തില്‍ മെസി നിർണായക പങ്കുവഹിച്ചിരുന്നു. ഗോള്‍മഴ പെയ്ത മത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് ഫിലാഡല്‍ഫിയ യൂണിയനെ ഇന്റർ മയാമി തകർത്തുവിടുകയായിരുന്നു.
നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് വേണ്ടി ഇത്തവണയും ബൂട്ട് കെട്ടുമെന്ന് മെസി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, താരം ടീമിനൊപ്പമുണ്ടാകുമെന്നാണ് കായികലോകം പ്രതീക്ഷിക്കുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ കളത്തിലിറങ്ങിയാല്‍ ആറ് ലോകകപ്പുകളില്‍ പങ്കെടുക്കുന്ന താരമെന്ന ചരിത്ര റെക്കാഡിനൊപ്പം മെസിയുമെത്തും. ലോകകപ്പിനുള്ള അർജന്റീനയുടെ അന്തിമ സ്‌ക്വാഡിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കും. ജൂണ്‍ 16ന് അള്‍ജീരിയക്കെതിരെയാണ് ലോകകപ്പില്‍ അർജന്റീനയുടെ ആദ്യ മത്സരം.

