Dailyhunt
ലോക്ക് ഡൗണില്‍ ആദിത്യയുടെ വീട് വര്‍ണവൃന്ദാവനമായി

ലോക്ക് ഡൗണില്‍ ആദിത്യയുടെ വീട് വര്‍ണവൃന്ദാവനമായി

നെടുമങ്ങാട്: ലോക്ക് ഡൗണില്‍ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ക്ക് ജന്മം നല്‍കി വീടിനെ വര്‍ണ ഗോപുരമാക്കുകയാണ് നെടുമങ്ങാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്ബതാം ക്ലാസുകാരി ആദിത്യ. ജന്മസിദ്ധമായ കരവിരുതും കലാവാസനയുമുപയോഗിച്ച്‌ പാഴ് വസ്തുക്കളില്‍ നിര്‍മ്മിച്ച അലാങ്കാര വസ്തുക്കളുടെയും പൂച്ചട്ടികളുടെയും ചുവര്‍ ചിത്രങ്ങളുടെയും പറുദീസയാവുകയാണ് വേങ്കവിളയിലെ വൃന്ദാവനം എന്ന വീട്.

സന്ദര്‍ശക മുറിയിലും പഠനമുറികളിലും വിരിയിച്ച വര്‍ണാഭമായ ചുവര്‍ ചിത്രങ്ങളും വീടിനെ പ്രദര്‍ശന ശാലയാക്കി മാറ്റി. പുഷ്പിച്ചു നില്‍ക്കുന്ന ചെറു മരങ്ങളും പൂക്കള്‍ക്കൊപ്പം പീലി വിടര്‍ത്തി നില്‍ക്കുന്ന മയിലുമാണ് വരകളില്‍ ശ്രദ്ധേയം.

കുപ്പികളില്‍ അക്രിലിക് പെയിന്റിംഗ് നടത്തി മുകളില്‍ വര്‍ണങ്ങളില്‍ പൂക്കളും, പെന്‍സില്‍ കട്ടിംഗ് വേസ്റ്റുപയോഗിച്ച്‌ പാവകളും രചിച്ചിട്ടുണ്ട്.

പൂച്ചട്ടികളില്‍ പെയിന്റിംഗ് ചെയ്ത് വീടിന്റെ പൂമുഖങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. വീടിന് ചുറ്റും ചെടികള്‍ നട്ടുപിടിപ്പിച്ചു. കുഞ്ഞുനാള്‍ മുതല്‍ നൃത്തത്തിലും പാട്ടിലും മിടുക്കിയായ ആദിത്യ സ്കൂള്‍ തലത്തില്‍ കഥാപ്രസംഗത്തില്‍ കലാപ്രതിഭപട്ടം നേടിയിട്ടുണ്ട്. ചിത്രകാരനും നവോദയ സ്കൂളിലെ അദ്ധ്യാപകനുമായ ഡോ. എ.ആര്‍. വിനോദിന്റെ ശിക്ഷണത്തില്‍ ചുവര്‍ ചിത്രകലയില്‍ പരിശീലനം നേടിയിട്ടുണ്ട്. അരുവിക്കര വാട്ടര്‍ അതോറിട്ടി ഓഫീസില്‍ കരാര്‍ ജീവനക്കാരന്‍ ബി.കെ. സുരേഷിന്റെയും ദീപയുടെയും മകളായ ആദിത്യയ്‌ക്ക് ഐ.പി.എസുകാരിയാകണമെന്നാണ് മോഹം.

സ്കൂളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റാണ്. അനുജന്‍ ആദിദേവും വരയില്‍ ചേച്ചിയെ സഹായിക്കും. ആദിത്യയെ ആനാട് ഫാര്‍മേഴ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കെ. രാജേന്ദ്രന്റെ നേതൃത്വത്തില്‍ പൊതുപ്രവര്‍ത്തകര്‍ വീട്ടിലെത്തി ഉപഹാരം സമ്മാനിച്ചു. ഗിരീഷ് ബി. നായര്‍, ബി. ശ്രീകുമാര്‍, കണ്ണന്‍ വേങ്കവിള, പി.എല്‍. ശ്യാം കുമാര്‍, ബാബു, അനില്‍കുമാര്‍, ചിന്തു എന്നിവര്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi