Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മദ്ധ്യപ്രദേശ് : വിമത മന്ത്രിമാരെ  അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്

മദ്ധ്യപ്രദേശ് : വിമത മന്ത്രിമാരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്

ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ ബി. ജെ. പിയിലേക്ക് കാലുമാറിയതിനെ തുടര്‍ന്നുള്ള രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നതിനിടെ, രാജിവച്ച 22 വിമത എം.എല്‍.എമാരില്‍ ആറു മന്ത്രിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കര്‍ എന്‍.പി.പ്രജാപതിക്ക് കത്ത് നല്‍കി. അതേസമയം, ന്യൂനപക്ഷമായ കമല്‍നാഥ് സര്‍ക്കാരിനെതിരെ നിയമസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ബി. ജെ. പിയും ഒരുങ്ങുന്നു. വിമതരെ ബി. ജെ. പി ബംഗളുരുവില്‍ ബന്ദികളാക്കിയിരിക്കയാണെന്നും അവരെ മോചിപ്പിച്ചില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസും പ്രഖ്യാപിച്ചു.


ആറ്മന്ത്രിമാരെ ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ 191(2) അനുച്ഛേദം പ്രകാരം അയോഗ്യരാക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

നിയമസഭാംഗമോ നിയമസഭാ കൗണ്‍സില്‍ അംഗമോ പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുകയോ പാര്‍ട്ടി വിപ്പ് ലംഘിക്കുകയോ ചെയ്താല്‍ അയോഗ്യനാക്കാമെന്നാണ് ചട്ടം.

അതേസമയം, എം.എല്‍.എമാര്‍ ഇ-മെയിലൂടെയാണ് രാജിക്കത്ത് അയച്ചതെന്നും നേരിട്ട് രാജി സമര്‍പ്പിച്ചാലേ പരിഗണിക്കൂവെന്നും സ്പീക്കര്‍ വ്യക്തമാക്കി.

22 വിമതരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചാല്‍ സഭയിലെ കേവല ഭൂരിപക്ഷം 104 ആയി കുറയും. 107 എം.എല്‍.എമാരുള്ള ബി.ജെ.പിക്ക് സര്‍ക്കാരുണ്ടാക്കാം. കോണ്‍ഗ്രസിന് 92 പേരേ ഉള്ളൂ.

അവിശ്വാസവുമായി ബി.ജെ.പി

വരുന്ന തിങ്കളാഴ്ച ( മാര്‍ച്ച്‌ 16 ) നിയമസഭയുടെ ബഡ്‌ജറ്റ് സമ്മേളനം ആരംഭിക്കുമ്ബോള്‍ ഗവര്‍ണറോടും സ്പീക്കറോടും വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെടുമെന്ന് ബി.ജെ.പി ചീഫ് വിപ്പ് നരോത്തം മിശ്ര പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സംഘം ഇന്നലെ രാത്രി ഗവര്‍ണര്‍ ലാല്‍ജി ടണ്ടനെ സന്ദര്‍ശിച്ച്‌ സ്ഥിതി ധരിപ്പിച്ചു.

മന്ത്രിമാരെ കസ്റ്റഡിയില്‍ എടുത്തു

ബംഗളൂരുവില്‍ കോണ്‍ഗ്രസ് വിമതരെ കാണാന്‍ എത്തിയ രണ്ട് മദ്ധ്യപ്രദേശ് മന്ത്രിമാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം വിട്ടയച്ചു. ജിത്തു പട്‌വാരി, നാരായണ്‍ ചൗധരി എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. വിമത എം.എല്‍.എ മനോജ് ചൗധരിയുടെ പിതാവാണ് നാരായണ്‍ ചൗധരി. പൊലീസ് ഇവരെ കൈയേറ്റം ചെയ്തെന്നും ഫോണുകള്‍ പിടിച്ചെടുത്തെന്നും ആരോപണമുണ്ട്. ഇവര്‍ കര്‍ണാടക പി.സി.സി അദ്ധ്യക്ഷന്‍ ഡി.കെ. ശിവകുമാറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

രാഷ്‌ട്രീയ നാടകങ്ങള്‍

നാല് സംസ്ഥാനങ്ങളില്‍

സിന്ധ്യയുടെ കാലുമാറ്റത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ നാടകങ്ങള്‍ മദ്ധ്യപ്രദേശിന് പുറമേ കര്‍ണാടക, രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളിലും തുടരുകയാണ്.

സിന്ധ്യയോട് അനുഭാവമുള്ള വിമതര്‍ ബംഗളൂരുവിലും കമല്‍നാഥ് പക്ഷക്കാരായ എം.എല്‍.എമാര്‍ രാജസ്ഥാനിലുമാണുള്ളത്. ബി.ജെ.പി സ്വന്തം എം.എല്‍.എമാരെ ഹരിയാനയിലേക്ക് മാറ്റിയിരുന്നു.

സിന്ധ്യയ്‌ക്ക് ഉജ്ജ്വല വരവേല്‍പ്പ്

ബി. ജെ. പിയില്‍ അംഗത്വമെടുത്ത ശേഷം ഇന്നലെ ഭോപ്പാലില്‍ തിരിച്ചെത്തിയ ജ്യോതിരാദിത്യ സിന്ധ്യയ്‌ക്ക് ബി. ജെ. പി ഉജ്ജ്വല സീകരണം നല്‍കി. ഭോപ്പാല്‍ വിമാനത്താവളത്തില്‍ ബി. ജെ. പി നേതാക്കള്‍ ഉള്‍പ്പെടെ വന്ന ജനക്കൂട്ടമാണ് സിന്ധ്യയെ സ്വീകരിച്ചത്. അവിടെ നിന്ന് റോഡ് ഷോ ആയി സിന്ധ്യ ബി. ജെ. പി ഓഫീസിലേക്ക് പോയി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi