കൊച്ചി : കൊച്ചിയില്‍ നിന്ന് മാലദ്വീപിലേക്ക് നേരിട്ട് ആരംഭിച്ച ചരക്കു കപ്പല്‍ സര്‍വീസ് കേരളത്തിലെ കയറ്റുമതി, മത്സ്യസംസ്കരണ മേഖലക്ക് വന്‍പ്രതീക്ഷ പകരുന്നു. വടക്കന്‍ കേരളത്തില്‍ നിന്നുള്ള ചരക്കുകള്‍ കൊച്ചി വഴി മാലദ്വീപില്‍ വിപണിയിലെത്തിക്കാന്‍ കഴിയുന്നത് വലിയ നേട്ടം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിത്യോപയോഗ വസ്തുക്കള്‍ മുതല്‍ ഗൃഹോപകരണങ്ങള്‍ വരെ കയറ്റി അയക്കാനാകും. മാലദ്വീപില്‍ നിന്ന് മത്സ്യങ്ങള്‍ എത്തിച്ച് സംസ്കരിക്കാന്‍ കഴിയുന്നത് കയറ്റുമതിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കും.
കാര്‍ഗോ ഫെറി സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) മൂന്ന് തുറമുഖങ്ങളില്‍ നടത്തിയ റോഡ്‌ഷോക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു.
പുതിയ ചരക്കുകപ്പല്‍ സര്‍വീസിന് കേരളത്തിലെ കയറ്റുമതി സമൂഹത്തില്‍ നിന്ന് അനുകൂല പ്രതികരണം ലഭിച്ചതായി കൊച്ചി തുറമുഖ ട്രസ്റ്റ് ചെയര്‍പേഴ്‌സന്‍ എം. ബീന പറഞ്ഞു. ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളില്‍ നിന്ന് കടല്‍ മാര്‍ഗവും റോഡ് മാര്‍ഗവും വടക്കന്‍ കേരളത്തില്‍ നിന്ന് മാലിയിലേക്കുള്ള ചരക്ക് കൊച്ചി തുറമുഖത്ത് എത്തിക്കും. പടിഞ്ഞാറന്‍ തീരത്തെ കണ്ട്‌ല പോലുള്ള തുറമുഖങ്ങളില്‍ നിന്നും നിന്നും ട്രാന്‍സ്ഷിപ്പ്‌മെന്റായി കൊച്ചി വഴി മാലിയിലേക്ക് കയറ്റുമതി വര്‍ദ്ധിക്കും. മാലിദ്വീപിലെ ആകെ ഇറക്കുമതിയുടെ 9.7 ശതമാനമാണ് ഇന്ത്യയില്‍ നിന്നുള്ള വിഹിതം. മാലദ്വീപില്‍ ഉപയോഗിക്കുന്ന മിക്കവാറും എല്ലാ സാധനങ്ങളുടെയും ഉത്പാദനം ഇന്ത്യയിലുള്ളതിനാല്‍ കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ വലിയ സാധ്യതകളുണ്ടെന്ന് അവര്‍ പറഞ്ഞു.
പുതിയ ചരക്കു കപ്പല്‍ ഇന്ത്യയും മാലദ്വീപും തമ്മിലുള്ള വാണിജ്യ ബന്ധങ്ങളില്‍ വലിയ മാറ്റം കൊണ്ടുവരുമെന്ന് മാലദ്വീപ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ഡോ. രോഹിത് രതീഷ് പറഞ്ഞു.
മാലദ്വീപിലെ രണ്ട് തുറമുഖങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. തിരക്കേറിയ മാലി തുറമുഖം വികസിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ 2.2 ബില്യണ്‍ ഡോളറിന്റെ സഹായ പാക്കേജ് ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
മാലദ്വീപ് പ്രസിഡന്റും ഇന്ത്യന്‍ പ്രധാനമന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നത്. ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയാണ് നടത്തിപ്പുകാര്‍. കുല്‍ഹുദിഫുഷി, മാല തുറമുഖങ്ങളില്‍ കപ്പലടുക്കും.
കപ്പല്‍ ശേഷി
കണ്ടെയ്നര്‍ : 200 ടി.ഇ.യു
മറ്റു ചരക്കുകള്‍ : 3000 ടണ്‍

