മംഗലംഡാം: പാലക്കാട് ജില്ലയിലെ പ്രധാന ജലസേചന പദ്ധതികളിലൊന്നായ മംഗലം ഡാം ഇന്ന് മണലിലും ചെളിയിലും മുങ്ങിക്കിടക്കുകയാണ്.
ഒരിക്കല്‍ നാലു പഞ്ചായത്തുകള്‍ക്ക് കുടിവെള്ളം ഉറപ്പാക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഡാം ഇപ്പോള്‍ സംഭരണശേഷി നഷ്ടപ്പെട്ട നിലയില്‍ ആശങ്ക ഉയർത്തുന്നു. മൂന്ന് വർഷം മുമ്പ് റിസർവോയറില്‍ നിന്ന് എടുത്ത് കുന്നുകളാക്കി കൂട്ടിയിട്ടിരുന്ന മണല്‍ക്കൂനകള്‍ കാടുമൂടിയ അവസ്ഥയിലാണ്. ഡാമിന്റെ ഏകദേശം 30 ശതമാനം ഭാഗത്ത് മണലും ചെളിയും അടിഞ്ഞുകൂടിയതായി നേരത്തെ കണ്ടെത്തിയിരുന്നു. അതിപ്പോള്‍ 50 ശതമാനത്തോളം എത്തിയെന്നതാണ് അധികൃതർ തന്നെ സമ്മതിക്കുന്നത്. ഏകദേശം ആയിരത്തോളം ലോഡ് മണല്‍ ചെളിയില്‍ നിന്ന് വേർതിരിച്ച് കുന്നുകളാക്കി കൂട്ടിയിട്ട നിലയിലാണ്. റിസർവോയറിലെ കുന്നത്ത് ഗേറ്റ് ഭാഗത്ത് കിടക്കുന്ന ഇവ നീക്കം
ചെയ്യാനുള്ള നടപടികള്‍ നിലച്ചതോടെ പ്രദേശം മുഴുവൻ അനാഥാവസ്ഥയിലായി. 2020 ഡിസംബർ 17നാണ് ഡാമിലെ മണ്ണ് നീക്കം ആരംഭിച്ചത്. 36 മാസത്തിനുള്ളില്‍ പൂർത്തിയാക്കാനായിരുന്നു പദ്ധതി. മൂന്ന് വർഷം പിന്നിടുമ്പോള്‍ പദ്ധതി പൂർണമായും നിലച്ചിരിക്കുകയാണ്. മണ്ണ് നീക്കം ചെയ്ത സ്ഥലങ്ങളില്‍ മരങ്ങളും ചെടികളും വളർന്ന് കാട് രൂപപ്പെട്ടു. നിരീക്ഷണ കാമറകള്‍, ലൈറ്റ് പോസ്റ്റുകള്‍, സുരക്ഷാ ഷെഡ്ഡുകള്‍ എന്നിവയൊക്കെ കാടിനുള്ളില്‍ മറഞ്ഞിരിക്കുകയാണ്. 1956ല്‍ നിർമിക്കപ്പെട്ട മംഗലം ഡാമിന്റെ കാച്ച്‌മെന്റ് ഏരിയ 48.85 ചതുരശ്ര കിലോമീറ്ററാണ്. കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമായിട്ടും അധികജലം സംഭരിക്കാൻ വേണ്ട നടപടികള്‍ അപര്യാപ്തമാണ്. മഴക്കാലത്ത് വലിയ തോതില്‍ വെള്ളം പുഴയിലൂടെ ഒഴുകി നഷ്ടപ്പെടുമ്പോള്‍ വേനല്‍ക്കാലത്ത് കനത്ത ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. പുഴയില്‍ 3-4 കിലോമീറ്റർ ഇടവിട്ട് ചെക്ക് ഡാമുകള്‍ നിർമ്മിച്ചാല്‍ വെള്ളം തടഞ്ഞ് സംഭരിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. പീച്ചിയിലെ കേരള എൻജിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ദേശീയ ഡാം പരിശോധന വിഭാഗമായ എൻ.സി.ഇ.എസ്.എസും രണ്ട് തവണ നടത്തിയ പരിശോധനയില്‍ ഡാമില്‍ ഏകദേശം 30 ശതമാനം വരെ മണലും ചെളിയും അടിഞ്ഞുകൂടിയതായി കണ്ടെത്തിയിരുന്നു. ഇത് ഡാമിന്റെ സംഭരണശേഷിയെ ഗൗരവമായി ബാധിക്കുന്നതാണ്. മണല്‍ നീക്കം പുനരാരംഭിക്കാതെ മംഗലം ഡാമിന്റെ ഭാവി സുരക്ഷിതമല്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

