മാനന്തവാടി: 3 കോടി രൂപ ചിലവില്‍ മാനന്തവാടിയില്‍ പുതിയ ബസ് ബേ നിർമ്മിക്കുന്നതിന് മുന്നോടിയായാണ് ജൂണ്‍ അവസാന വാരത്തില്‍ നിലവിലെ ബസ് സ്റ്റാൻഡ് പൊളിച്ച് മാറ്റല്‍ നടപടികള്‍ ആരംഭിച്ചത്.
ഇതിനോടനുബന്ധിച്ച് കെട്ടിടത്തിലെ കടമുറികള്‍ ഒഴിപ്പിക്കുകയും, ഇവിടെ ഉണ്ടായിരുന്ന ഓട്ടോറിക്ഷ സ്റ്റാൻഡ് മാറ്റുകയും നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. മുകള്‍ നിലയുടെയും, ആളുകള്‍ ബസ് കാത്ത് നില്‍ക്കുന്ന ഭാഗത്തെയും പൊളിക്കല്‍ പ്രവർത്തിക്കല്‍ ധ്രുതഗതിയില്‍ നടന്നിരുന്നുവെങ്കിലും ഇപ്പോള്‍ ദിവസങ്ങളായി പ്രവർത്തികള്‍ നിലച്ചിരിക്കുകയാണ്. പൊളിച്ചിട്ടിരിക്കുന്ന കെട്ടിട അവശിഷ്ടങ്ങള്‍ മാറ്റാത്തതാണ് പ്രവർത്തികള്‍ അനിശ്ചിതത്വത്തിലാകാൻ കാരണമെന്നാണ് പറയപ്പെടുന്നത്. അവശിഷ്ടങ്ങള്‍ റോഡിലും കിടക്കുന്നതിനാല്‍ തന്നെ ഗതാഗത കുരുക്കിനും ഇടയാക്കുന്നുണ്ട്.
അതെ സമയം മണ്ണ് അടക്കമുള്ള അവശിഷ്ട്ടങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭരണ പക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഒത്ത് കളിയുടെ ഭാഗമായാണ് പ്രവർത്തികള്‍ നിലച്ചതെന്നും ആരോപണമുയരുന്നുണ്ട്. പ്രവർത്തികള്‍ നിർത്തിവെച്ചതോടെ താത്ക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നത് വൈകുന്നത് സമീപത്തെ കച്ചവടക്കാർ, ഓട്ടോറിക്ഷ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഉപജീവന മാർഗ്ഗങ്ങളെയും സാരമായി ബാധിക്കും. മഴക്കാലത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കുന്നതിന് മുമ്പ് ഫലപ്രദമായ ബദല്‍ സംവിധാനം ഒരുക്കണമെന്ന ആവശ്യം നേരത്തെ തന്നെ സാമൂഹിക സംഘടനകളും വ്യക്തികളും ഉന്നയിച്ചിരുന്നു. നഗരസഭ അധികൃതരോടും ജില്ലാ കളക്ടറോടും ബന്ധപ്പെട്ട മേലധികാരികളോടും ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ആവശ്യമായ നടപടി ഉണ്ടായില്ലെന്നാണ് ആരോപണം. ബദല്‍ സംവിധാനം ഒരുക്കാതെയുള്ള നഗരസഭയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവും വ്യാപകമായി ഉയരുന്നുണ്ട്.

