പൂവച്ചല്‍: സഹായിക്കണമെന്ന് ഒന്‍പതാംക്ലാസുകാരി മാളവികയുടെ വീഡിയോ സന്ദേശം. വീഡിയോ കണ്ട മന്ത്രി മണിയാശാന്‍ കനിഞ്ഞു. ഉടന്‍ വീട്ടില്‍ വെളിച്ചമെത്തി.പൂവച്ചല്‍ ഇലക്‌ട്രിക് സെക്ഷനു കീഴില്‍ കല്ലുവാക്കോണത്ത് നിര്‍ദ്ധനയായ സ്മിതയും കുടുംബവുമാണ് നാളുകളായി ഇരുട്ടില്‍ കഴിഞ്ഞത്. പരിമിതമായ ഇടത്തില്‍ പൊളിഞ്ഞു വീഴാറായി ഇരിക്കുന്ന ഷെഡിലാണ് സ്മിതയും മകള്‍ മാളവികയും കഴിയുന്നത്.
ഇതിനാല്‍ തന്നെ വൈദ്യുതി ലഭിക്കാനും മറ്റുമുള്ള രേഖകള്‍ ഇവര്‍ക്ക് നല്‍കാനായില്ല. മാളവികയുടെ പഠനവും ഇരുട്ടിലായി.ഇതിനിടെയാണ് കച്ചിത്തുരുമ്ബായി മന്ത്രിക്ക് വീഡിയോ സന്ദേശം അയയ്ക്കാന്‍ മാളവിക തീരുമാനിച്ചത്. വിഷയം മന്ത്രി എം.എം. മണിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ കുടുബത്തിന് വൈദ്യുതി ലഭിക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.
ഒപ്പം കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന്റെ (സി.ഐ.ടി.യു) സമയോചിത ഇടപെടലും ആയപ്പോള്‍ നടപടികള്‍ ദ്രുതഗതിയിലായി. അസോസിയേഷന്‍ സി.ഐ.ടി.യു സംസ്ഥാനനേതൃത്വം വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കാട്ടാക്കട ഡിവിഷന്‍ സെക്രട്ടറിയായ രാജീവിനേയും സംസ്ഥാന കമ്മിറ്റി അംഗമായ രാജേഷ് കുമാറിനേയും ചുമതലപ്പെടുത്തിയതോടെ ഇരുട്ടിലെ ജീവിതം വെളിച്ചത്തിലേക്ക്. മാളവികയ്ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി എല്‍.സി.ഡി ടി.വിയും സമ്മാനമായി നല്‍കി.ഉറിയാക്കോട് വാര്‍ഡ് മെമ്ബര്‍ കുമാരദാസിന്റെ അദ്ധ്യക്ഷതയില്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ജയപ്രകാശ് സ്വിച്ച് ഓണ്‍ ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ്, സംസ്ഥാന ട്രഷറര്‍ സാജു, സംസ്ഥാന ഭാരവാഹിയായ സജീവ് കുമാര്‍, സി.പി.എം ഏരിയ കമ്മിറ്റി അംഗം രാജേന്ദ്രന്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അനില്‍ കുമാര്‍, പൂവച്ചല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ശ്രീകുമാര്‍, വി. രാജേഷ് കുമാര്‍, രാജീവ്, വര്‍ക്കേഴ്സ് അസോസിയേഷന്‍ കാട്ടാക്കട ഡിവിഷന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

