Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മണ്ണിടിച്ചില്‍ ഭീഷണി:  മൂന്നാറിലേക്കുള്ള  യാത്രയ്ക്ക് നിയന്ത്രണം

മണ്ണിടിച്ചില്‍ ഭീഷണി: മൂന്നാറിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം

 മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക്

മൂന്നാർ: കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയില്‍ മണ്ണിടിച്ചില്‍ ഭീഷണി ഉയർന്നതോടെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേർപ്പെടുത്തി.

അപകടസാദ്ധ്യത കണക്കിലെടുത്ത് ശനി വൈകിട്ട് മുതല്‍ സുജാത ഇൻ മുതല്‍ ആർ.ഒ. കവല വരെയുള്ള പ്രധാന പാതയിലൂടെയുള്ള ഗതാഗതം അധികൃതർ പൂർണ്ണമായി നിരോധിച്ചു. നിലവില്‍ വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ബൈപാസ് റോഡ് വഴിയാണ് മൂന്നാർ ടൗണിലേക്ക് കടത്തിവിടുന്നത്. എന്നാല്‍, ബൈപാസ് റോഡില്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള ഇടുങ്ങിയ പാലത്തിലൂടെ ഒരു സമയം ഒരു നിരയായി മാത്രമേ വാഹനങ്ങള്‍ക്ക് കടന്നുപോകാൻ സാധിക്കൂ. ഇതോടെ രണ്ട് ദിവസമായി ടൗണിലും പരിസര പ്രദേശങ്ങളിലും കിലോമീറ്ററുകളോളം നീളുന്ന കനത്ത ഗതാഗതക്കുരുക്കാണുണ്ടാകുന്നത്. ബൈപാസ് റോഡില്‍ നിന്ന് ടൗണ്‍ വരെയുള്ള വെറും ഒരു കിലോമീറ്റർ ദൂരം താണ്ടാൻ നിലവില്‍ രണ്ട് മണിക്കൂറിലധികം സമയമാണെടുക്കുന്നത്. മൂന്നാർ ടൗണ്‍, മാട്ടുപ്പെട്ടി റോഡ്, മറയൂർ റോഡ് തുടങ്ങിയ പ്രധാന വിനോദസഞ്ചാര മേഖലകളിലേക്കുള്ള വഴികളെയെല്ലാം ഈ കുരുക്ക് സാരമായി ബാധിച്ചിട്ടുണ്ട്.

ദേശീയപാത വീതികൂട്ടല്‍ ജോലികള്‍ നടക്കുന്ന സി.എസ്.ഐ പള്ളിക്ക് സമീപത്തെ ഭൂമിയില്‍ വലിയ രീതിയിലുള്ള വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളേക്കാള്‍ വിള്ളലിന്റെ വ്യാപ്തി കൂടിയ സാഹചര്യത്തില്‍, സുരക്ഷ മുൻനിറുത്തി അധികൃതർ പള്ളിക്ക് സമീപമുള്ള കെട്ടിടങ്ങളില്‍ താമസിച്ചിരുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ വകുപ്പിലെ ഉദ്യോഗസ്ഥരടങ്ങിയ സംഘം പ്രദേശത്ത് സന്ദർശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വരും ദിവസങ്ങളില്‍ മഴ വീണ്ടും കനത്താല്‍ ഈ ഭാഗത്ത് വലിയ രീതിയിലുള്ള മലയിടിച്ചിലിന് സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. പ്രദേശത്ത് ആവശ്യമായ ഗതാഗത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നതിന് പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി. പ്രദേശം സന്ദർശിച്ച്‌ ദുരന്തസാദ്ധ്യത പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ദുരന്ത നിവാരണ അതോറിറ്റി ഹസാഡ് അനലിസ്റ്റിനെയും ചുമതലപ്പെടുത്തി.

'ദേശീയ പാതയില്‍ മണ്ണിടിച്ചില്‍ സാദ്ധ്യത കണക്കിലെടുത്ത് മൂന്നാറിലേക്കുള്ള യാത്ര വിനോദ സഞ്ചാരികള്‍ ഒഴിവാക്കണം. അപകട സാദ്ധ്യതാ മേഖലകളില്‍ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്."

-ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi