Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മാറാം 'റിപ്പോ" വായ്പയിലേക്ക്; കുറയ്ക്കാം പലിശഭാരം

മാറാം 'റിപ്പോ" വായ്പയിലേക്ക്; കുറയ്ക്കാം പലിശഭാരം

കൊച്ചി: കൊറോണ ഭീതിയും ലോക്ക് ഡൗണും സൃഷ്‌ടിച്ച സമ്ബദ് ആഘാതത്തില്‍ നിന്ന് മറികടക്കാന്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.75 ശതമാനം വെട്ടിക്കുറച്ചെങ്കിലും എല്ലാ വായ്‌പാ ഇടപാടുകാര്‍ക്കും പലിശയിളവിന്റെ ഈ ആനുകൂല്യം കിട്ടണമെന്നില്ല. കാരണം, കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ രാജ്യത്തെ ബാങ്കുകള്‍ വായ്‌പകളുടെ പലിശ നിര്‍ണയത്തിന് മാനദണ്ഡമാക്കുന്നത് 'എക്‌സ്‌റ്റേണല്‍ ബെഞ്ച്മാര്‍ക്ക്" ആണ്.

ഒക്‌ടോബര്‍ ഒന്നിന് മുമ്ബ് ബാങ്കുകള്‍ നല്‍കിയ വായ്‌പകളുടെ പലിശയുടെ മാനദണ്ഡം പഴയ ബേസ്‌റേറ്രോ 2016 ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന മാര്‍ജിനല്‍ കോസ്‌റ്ര് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്രോ (എം.സി.എല്‍.ആര്‍) ആണ്.

റിപ്പോ നിരക്ക് കുത്തനെ കുറഞ്ഞതിന്റെ ആനുപാതികമായി ബാങ്കുകള്‍ ബേസ്‌റേറ്റും എം.സി.എല്‍.ആറും കുറയ്ക്കാറില്ല. അതിനാല്‍, ഒക്‌ടോബര്‍ ഒന്നിന് മുമ്ബ് നേടിയ വായ്‌പകള്‍ക്ക് പലിശയിളവിന്റെ സമ്ബൂര്‍ണ ആനുകൂല്യം കിട്ടില്ല.

എന്നാല്‍, എക്‌സ്‌റ്രേണല്‍ ബെഞ്ച്മാര്‍‌ക്ക് അധിഷ്‌ഠിത പലിശ നിരക്കുള്ളതാണ് വായ്‌പയെങ്കില്‍ പലിശഭാരം ആനുപാതികമായി കുറയും. ഉദാഹരണത്തിന്, കഴിഞ്ഞദിവസം റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.75 ശതമാനം കുറച്ചു. ഇതിന്റെ ചുവടുപിടിച്ച്‌ എസ്.ബി.ഐയും ബാങ്ക് ഒഫ് ഇന്ത്യയും വായ്‌പാപലിശയില്‍ 0.75 ശതമാനം കുറവ് വരുത്തി ഇളവ് പൂര്‍ണമായി ഉപഭോക്താക്കള്‍ക്ക് കൈമാറി.

ബേസ്‌റേറ്ര്, എം.സി.എല്‍.ആര്‍ എന്നിവയെ അപേക്ഷിച്ച്‌ ഏറെ കുറവാണ് റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് റേറ്റ് അഥവാ ആര്‍.എല്‍.എല്‍.ആര്‍ പ്രകാരമുള്ള വായ്‌പകള്‍. പുതുതായി അനുവദിക്കുന്ന വായ്‌പകളുടെ എല്ലാം പലിശനിര്‍ണയം ആര്‍.എല്‍.എല്‍.ആര്‍ പ്രകാരമായതിനാല്‍, ഇവയുടെ പലിശഭാരം കുറവായിരിക്കും. ഉദാഹരണത്തിന്, മാര്‍ച്ച്‌ 27ലെ കണക്കുപ്രകാരം എസ്.ബി.ഐയുടെ ബേസ്‌റേറ്ര് 8.15 ശതമാനവും ഒരുവര്‍ഷ എം.സി.എല്‍.ആര്‍ 7.45 ശതമാനവുമാണ്. എന്നാല്‍, ബാങ്കിന്റെ ആര്‍.എല്‍.എല്‍.ആര്‍ ഇപ്പോള്‍ 6.65 ശതമാനം മാത്രമാണ്.

ആര്‍.എല്‍.എല്‍.ആറിലേക്ക്

വായ്‌പ മാറ്രാം

നിലവില്‍ ഒരു ഉപഭോക്താവിന്റെ ഭവന വായ്‌പയുടെ പലിശയുടെ മാനദണ്ഡം ബേസ് റേറ്രോ എം.സി.എല്‍.ആറോ ആണെങ്കില്‍, ബാങ്കില്‍ അപേക്ഷിച്ച്‌ അത് റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് റേറ്റിലേക്ക് (ആര്‍.എല്‍.എല്‍.ആര്‍) മാറ്റാനാകും. ചെറിയ ഫീസ് ഇതിന് ബാങ്ക് ഈടാക്കിയേക്കാം. എങ്കിലും, മൊത്തം പലിശഭാരത്തില്‍ വലിയ ആശ്വാസം ഉപഭോക്താവിന് ലഭിക്കും.

ഉദാഹരണത്തിന്:

ബാങ്ക് ഒഫ് ഇന്ത്യയുടെ ഒരുവര്‍ഷ എം.സി.എല്‍.ആര്‍ : 7.95%

ബാങ്കിന്റെ പുതുക്കിയ ആര്‍.എല്‍.എല്‍.ആര്‍ : 7.25%

വ്യത്യാസം : 0.70%

പഴയ വായ്‌പയുടെ

പലിശ കുറയില്ലേ?

ബേസ് റേറ്റ്, എം.സി.എല്‍.ആര്‍ എന്നിവ മാനദണ്ഡമായ വായ്‌പകളുടെ പലിശ അപ്പോള്‍ കുറയുകയേയില്ലേ എന്ന് സംശയമുണ്ടായേക്കാം. കുറയും. എന്നാല്‍, അതിന് ബാങ്കുകള്‍ തയ്യാറാകണമെന്ന് മാത്രം. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചാല്‍ ആനുപാതികമായി ആര്‍.എല്‍.എല്‍.ആ‌ര്‍ കുറയും. ബേസ് റേറ്റും എം.സി.എല്‍.ആറും കുറയില്ല. ഇവ എത്ര കുറയ്ക്കണമെന്ന് ബാങ്കുകള്‍ക്ക് തന്നെ തീരുമാനിക്കാം.

എസ്.ബി.ഐ കഴിഞ്ഞദിവസം ആര്‍.എല്‍.എല്‍.ആര്‍ 0.75 ശതമാനം കുറച്ചെങ്കിലും എം.സി.എല്‍.ആര്‍ കുറച്ചിരുന്നില്ല. ബാങ്ക് ഒഫ് ഇന്ത്യ ആര്‍.എല്‍.എല്‍.ആര്‍ 0.75 ശതമാനം കുറച്ചെങ്കിലും എം.സി.എല്‍.ആര്‍ (ഒരുവര്‍ഷം) കുറച്ചത് 0.25 ശതമാനമാണ്.

വായ്‌പയ്ക്ക് നല്ലത് കുറഞ്ഞ

കാലാവധി

വായ്‌പ തിരിച്ചടയ്ക്കാന്‍ കൂടുതല്‍ കാലാവധി കിട്ടുമോ എന്ന് അന്വേഷിക്കുന്നവരാണ് മിക്ക ഇടപാടുകാരും. എന്നാല്‍, വായ്‌പാ തിരിച്ചടവിന്റെ കാലാവധി കുറഞ്ഞു നില്‍ക്കുന്നതാണ് ഉപഭോക്താക്കള്‍ക്ക് നല്ലത്.

ഒരുദാഹരണം നോക്കാം:

  • ഭവന വായ്‌പാത്തുക : ₹45 ലക്ഷം
  • പലിശനിരക്ക് : 8.00%
  • തിരിച്ചടവ് കാലാവധി : 300 മാസം
  • ഇ.എം.ഐ : ₹34,731
  • മൊത്തം പലിശബാദ്ധ്യത : ₹59,19,519

 റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് 0.75% കുറച്ചതിന് ആനുപാതികമായി ബാങ്കും പലിശ കുറച്ചുവെന്ന് കരുതുക. അതായത്, പലിശ 7.25%. തിരിച്ചടവ് കാലാവധി ഇ.എം.ഐയില്‍ മാറ്റമില്ലാതെ 270 മാസമായി കുറച്ചുവെന്നും കരുതുക:

  • മൊത്തം പലിശ ബാദ്ധ്യത: ₹47,60,876
  • പലിശഭാരത്തിലെ കുറവ് : ₹11,58,643

 ഇനി, തിരിച്ചടവ് കാലാവധി 250 മാസമാണെന്നിരിക്കട്ടെ: പലിശ 7.25 ശതമാനം തന്നെ.

  • മൊത്തം പലിശ ബാദ്ധ്യത: ₹43,80,639
  • പലിശഭാരത്തിലെ കുറവ് : ₹15,38,880
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi