കൊച്ചി: ട്രോളിംഗ് നിരോധനത്തിനൊപ്പം തീരക്കടലിലെ ചൂട് കുറയുന്നതും മത്സ്യലഭ്യത കൂട്ടുമെന്ന പ്രതീക്ഷയില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍.
മഴ ശക്തമാകുന്നതോടെയാണ് ആഴക്കടലില്‍നിന്ന് ചാള, അയല, നെത്തോലി, വറ്റ തുടങ്ങിയവ മടങ്ങിയെത്തുക. ഇൻബോർഡ്-ഔട്ട്ബോർഡ് വള്ളങ്ങള്‍ക്ക് ട്രോളിംഗ് നിരോധനം ബാധകമല്ല. കൊച്ചി മേഖലയില്‍ 50ഓളം ഇൻബോർഡ് വള്ളങ്ങളും 500ഓളം ഔട്ട്‌ബോർഡ് വള്ളങ്ങളുമുണ്ടെന്നാണ് കണക്ക്. ജൂണ്‍ 9ന് അർദ്ധരാത്രി മുതല്‍ ജൂലായ് 31 വരെയുള്ള ട്രോളിംഗ് നിരോധന വേളയില്‍ ആഴക്കടല്‍ മത്സ്യങ്ങളായ ഏട്ട, നങ്ക്, പല്ലിമീൻ, കിളിമീൻ, കൂന്തല്‍, ചെമ്മീൻ ലഭ്യത കുറയും.
കടല്‍ മത്സ്യങ്ങളുടെയും മറ്റു ജീവികളുടെയും നാലിലൊന്ന് ഭാഗം ട്രോളിംഗ് വഴി പിടിക്കുന്നതായാണ് കുഫോസ് റിപ്പോർട്ട്. കടലാഴങ്ങളില്‍ ഉപയോഗിക്കുന്ന ട്രോള്‍ വലകള്‍ ജീവികളെ മാത്രമല്ല, അടിത്തട്ടും നശിപ്പിക്കുന്നു. അടിത്തട്ടിലെ ഖരകണങ്ങള്‍ ഉപരിതലത്തിലെത്തി വെള്ളം മലിനമാക്കുകയും ആവാസവ്യവസ്ഥയെ തകിടംമറിക്കുകയും ചെയ്യും.
1980ല്‍ ആദ്യമായി സമുദ്രജല മത്സ്യബന്ധന നിയന്ത്രണനിയമം പാസാക്കിയ സംസ്ഥാനമാണ് കേരളമെങ്കിലും അശാസ്ത്രീയ മത്സ്യബന്ധനം പൂർണമായും നിരോധിക്കാനാവുന്നില്ല. മത്സ്യക്കുഞ്ഞുങ്ങളെ വ്യാപകമായി പിടികൂടുന്നു. തീവ്രവെളിച്ചമുള്ള ലൈറ്റുകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനവും വ്യാപകം.
വേണം പഠനം
മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്താണ് കേരളത്തില്‍ 52 ദിവസത്തെ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയത്. എന്നാല്‍, ഭൂരിഭാഗം മത്സ്യങ്ങളും ഈ കാലയളവിലാണോ പ്രജനനം നടത്തുന്നതെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങളും പ്രാദേശിക സാഹചര്യങ്ങളും അനുസരിച്ച് വ്യത്യാസം വരാം. അതിനാല്‍ ഭൂരിഭാഗം മത്സ്യങ്ങളുടെയും പ്രജനനകാലം കൃത്യമായി നിശ്ചയിക്കപ്പെടണം. 2014ന് ശേഷം ട്രോളിംഗ് നിരോധനത്തെക്കുറിച്ച് കേരളത്തില്‍ കാര്യമായ പഠനം നടന്നിട്ടില്ല.
ട്രോളിംഗ് നിരോധനം ഏറെ ഫലപ്രദമാണെങ്കിലും നടപടികള്‍ അതില്‍ മാത്രമായി പരിമിതപ്പെടുത്തരുത്. ചെറു മത്സ്യങ്ങളെ പിടികൂടുന്നതും രാത്രികാല മത്സ്യബന്ധനവും മറ്റും കർശനമായി നിരോധിക്കണം. മത്തിയുടെ ലഭ്യത കൂടിയെങ്കിലും വളർച്ച മുരടിച്ചവയാണ് കിട്ടുന്നത്. മൃഗത്തീറ്റയ്ക്കും മറ്റുമായി പൊടിക്കാൻ ഇവ അയല്‍സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നു.
ചാള്‍സ് ജോർജ്,
സംസ്ഥാന പ്രസിഡന്റ്,
കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ)
മത്സ്യബന്ധനയാനങ്ങളുടെ എണ്ണത്തിനു പുറമേ, വലകളുടെയും മറ്റ് ഉപകരണങ്ങളുടെയും എണ്ണവും വലിപ്പവും നിയന്ത്രിക്കണം. ആവാസവ്യവസ്ഥയ്ക്ക് ദോഷകരമായ മത്സ്യബന്ധനരീതികള്‍ നിരോധിക്കണം.
ഡോ. എം.കെ. സജീവൻ,
ഡയറക്ടർ ഒഫ് എക്സ്റ്റൻഷൻ,
ഡീൻ,
ഫാക്കല്‍റ്റി ഒഫ് ഫിഷറീസ് എൻജിനീയറിംഗ്,
കുഫോസ്

