കല്ലമ്പലം:മാവിൻമൂട് നവോദയം ഗ്രന്ഥശാല പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍. ഗ്രന്ഥശാല 75-ാം വർഷത്തിലേക്ക് കടന്നതോടെ പുതിയ ഇരുനില മന്ദിരവും തയാറായി.
ജില്ലാപഞ്ചായത്ത് അനുവദിച്ച 35 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്. നിലവില്‍ രണ്ടാംനിലയുടെ നിർമാണം പൂർത്തിയായി. ആദ്യനിലയുടെ പണികളാണ് ഇനി പൂർത്തിയാക്കാനുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി അറിയിച്ചു.
1951ല്‍ വാടകയ്ക്കെടുത്ത ഒറ്റമുറിക്കടയില്‍ പരിമിതമായ സൗകര്യങ്ങളോടെ നാട്ടുകാരുടെ സഹായത്തിലാണ് ഗ്രന്ഥശാല ആരംഭിച്ചത്. അദ്ധ്യാപകനായിരുന്ന രാമൻകുട്ടി കുറുപ്പ് സൗജന്യമായി നല്‍കിയ മൂന്ന് സെന്റ് സ്ഥലത്താണ് അന്ന് കെട്ടിടം നിർമ്മിച്ചു. ശിവശങ്കരൻനായർ സെക്രട്ടറിയും എൻ. രവിന്ദ്രൻ ഉണ്ണിത്താൻ പ്രസിഡന്റുമായിരുന്നു. 1987ല്‍ നിർമിച്ച മന്ദിരം അന്നത്തെ മുഖ്യമന്ത്രി ഇ.കെ നയനാരായിരുന്നു ഉദ്ഘാടനം ചെയ്തു.കാലപ്പഴക്കത്തെത്തുടർന്ന് കെട്ടിടം ജീർണാവസ്ഥയിലായതോടെയാണ് പുതിയ മന്ദിരത്തിനുള്ള ശ്രമം ആരംഭിച്ചതും മന്ദിരം യാഥാർഥ്യം ആയതും.
നിർമ്മാണം നടക്കുന്നതിനാല്‍ ചെമ്മരുതി സഹകരണ ബാങ്ക് കെട്ടിടത്തിലാണ് ഗ്രന്ഥശാല നിലവില്‍ പ്രവർത്തിക്കുന്നതെന്ന് പ്രസിഡന്റ് എൻ.രവീന്ദ്രനും സെക്രട്ടറി ബി.രാജലാലും പറഞ്ഞു.

