ഇടുക്കി: ദുരന്തപ്പെയ്ത്തിന് ഇന്നലെ അല്‍പ്പം കുറവുണ്ടായെങ്കിലും ദുരിതങ്ങള്‍ക്ക് കാര്യമായ കുറവില്ല. അങ്ങിങ്ങ് ചെറിയ തോതില്‍ മണ്ണിടിഞ്ഞതും മരം വീണതുമല്ലാതെ കാര്യമായ ദുരിതങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല.
ജില്ലയില്‍ ഇന്നലെ ശരാശരി 71.29 മില്ലീമീറ്റർ മഴയാണ് പെയ്തത്. മഴ പകുതിയായി കുറഞ്ഞു. തലേന്ന് ഇത് 143.24 മില്ലീമീറ്ററായിരുന്നു. ദേവികുളത്താണ് കൂടുതല്‍- 99.4 മി.മീ. കുറവ് ഉടുമ്പൻചോലയിലും- 33 മി.മീ. ഇന്ന് മഞ്ഞ അലർട്ടാണ്. അതുകഴിഞ്ഞ് അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് ഒരു ദിവസം കൊണ്ട് നാലടിയോളം ഉയർന്ന് 2340.40 ലെത്തി. വൃഷ്ടിപ്രദേശത്ത് ഇന്നലെ 80.60 മില്ലീമീറ്രർ മഴ ലഭിച്ചു. മുല്ലപ്പെരിയാർ ഡാമില്‍ 116.70 അടിയുമായി ജലനിരപ്പ് ഉയർന്നു. ഇന്നലെ മഴയുടെ ശക്തി കുറഞ്ഞതോടെ ക്യാമ്പുകളില്‍ നിന്ന് പലരും വീടുകളിലേക്ക് മടങ്ങിത്തുടങ്ങി.
13 ക്യാമ്പുകളില്‍ 187 പേർ
ജില്ലയില്‍ നിലവില്‍ 13 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 187 പേരാണ് ക്യാമ്പിലുള്ളത്. ഇതില്‍ 73 പുരുഷന്മാരും 81 സ്ത്രീകളും 33 കുട്ടികളുമാണുള്ളത്. ഇടുക്കി താലൂക്കില്‍ മൂന്ന് ക്യാമ്പുകളിലായി 26 പേർ. തൊടുപുഴയില്‍ ആറ് ക്യാമ്പുകളിലായി 116 പേരുണ്ട്. പീരുമേട് രണ്ട് ക്യാമ്പുകളില്‍ 20 പേരും ദേവികുളത്ത് ഒരു ക്യാമ്പില്‍ 17 പേരുമുണ്ട്. ഉടുമ്പഞ്ചോലയില്‍ ഒരു ക്യാമ്പില്‍ എട്ടു പേരാണുള്ളത്.
മഴയുടെ അളവ് (മില്ലി മീറ്റർ)
ഉടുമ്പഞ്ചോല: 33 മി.മീ
ദേവികുളം: 99.4
പീരുമേട്: 85.66
ഇടുക്കി: 80.60
തൊടുപുഴ: 57.8
ശരാശരി- 71.29
