അമ്പലപ്പുഴ: ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജില്‍ പൂർവ്വ വിദ്യാർത്ഥികളും, പി.ടി.എയും ചേർന്ന് നടപ്പാക്കിയ ആറ് പദ്ധതികള്‍ ജനകീയ ഡോക്‌ടർ പ്രിൻസിപ്പലുമായ ഡോ.ബി.പത്മകുമാർ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് സി.ഗോപകുമാർ അദ്ധ്യക്ഷനായി. ഞാൻ പഠിച്ച കോളേജില്‍ വിദ്യാർത്ഥിയായും ഡോക്‌ടറായ അദ്ധ്യാപകനായും പ്രിൻസിപ്പലായും സേവനം അനുഷ്ടിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നെന്നും ഇനിയുള്ള സമയം മെഡിക്കല്‍ കോളേജിനായി പലതും ചെയ്യാൻ ആഗ്രഹമുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ഡോക്ടർ പറഞ്ഞു. അനാട്ടമി ലക്ച്ചർ ഹാള്‍ ശീതീകരിച്ച് നല്‍കിയത് പി.ടി.എ ആണ്. 1976 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളാണ് വൃന്ദാവൻ ഗാർഡന്റെ രണ്ടാം ഘട്ടം പൂർത്തികരിച്ചത്.
1994 ബാച്ചിലെ ഡോ.എബി സാമൂവലും പത്നി ഡോ.അനിത കാർമലുമാണ് വൃന്ദാവൻ ഗാർഡനില്‍ മനോഹരമായ ഫൗണ്ടൻ സമർപ്പിച്ചത്. ഓപ്പണ്‍ എയർ ആഡിറ്റോറിയം പെയിന്റ് ചെയ്ത് സമർപ്പിച്ചത് പൂർവ്വ വിദ്യാർത്ഥിയായ ഡോ.മനോജ് വേണുഗോപാലാണ്. അതോടൊപ്പം പുതുക്കിയ ഫിസിയോളജി ലാബ്, പുതുതായി നിർമ്മിച്ച രജിസ്റ്റർ ചെയ്ത പി.റ്റി.എ ഓഫീസ് തുടങ്ങി ആറ് പദ്ധതികളാണ് ഇന്ന് സമർപ്പിച്ചത്. ഡോ.പത്‌മകുമാർ പ്രിൻസിപ്പലായതിന് ശേഷം മുപ്പത്തഞ്ചിലധികം പദ്ധതികളാണ് മെഡിക്കല്‍ കോളേജിലും ഹോസ്പിറ്റലിലുമായി നടപ്പാക്കിയത്. ചടങ്ങില്‍ സ്‌റ്റാഫ് അഡ്വൈസർ ഡോ.സജയ് പി.എസ്, പി.ടി.എ വൈസ് പ്രസിഡന്റ് ഷാജി വാണിയപുരയ്ക്കല്‍, ഡോ.എ.പി മുഹമ്മദ്, ഡോ.എബി സാമൂവേല്‍, ഡോ.എസ്.മഞ്ജു, ഡോ.മനോജ് വേണുഗോപാല്‍, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ കെ.അജയകുമാർ, പി.ടി.എ ട്രഷറർ ഡോ.സ്മിത എസ്.രാജ്, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ എസ്.പുഷ്പരാജൻ, എസ്.ഹാരിസ്,പി.ബി.സുനില്‍ എന്നിവർ സംസാരിച്ചു.

