Dailyhunt

മെട്രോയുടെ തൂണിലെ പൂച്ച രക്ഷകരെ വെള്ളം കുടിപ്പിച്ചു

കൊച്ചി:മെട്രോ റെയില്‍വേയുടെ തൂണിന് മുകളിലെ ട്രാക്കിനടിയില്‍ ആറു ദിവസം മുമ്ബ് കുടുങ്ങിയ പൂച്ച ഇന്നലെ രണ്ട് മണിക്കൂറോളം

രക്ഷാപ്രവര്‍ത്തകരെ വെള്ളം കുടിപ്പിച്ച ശേഷം ചാടി രക്ഷപ്പെട്ടു. റോഡിലൂടെ ഓടിയ പൂച്ചയെ മൃഗസ്നേഹികള്‍ പിന്തുടര്‍ന്ന് പിടികൂടി വെള്ളം നല്‍കി മൃഗാശുപത്രിയിലെത്തിച്ചു. പൂച്ചയുടെ കടിയേറ്റ ഒരാള്‍ ചികിത്സ തേടുകയും ചെയ്‌തു.

രക്ഷാപ്രവര്‍ത്തനത്തിനായി വലിയ ക്രെയിന്‍ റോഡില്‍ നിറുത്തിയതിനാല്‍ വൈറ്റില - കടവന്ത്ര ഭാഗത്തെ ഗതാഗതം ഒരു വശത്താക്കി നിയന്ത്രിച്ചു. ചെറിയ കുരുക്കില്‍ പോലും അക്ഷമരാകുന്ന നഗരവാസികള്‍ പൂച്ചക്കുഞ്ഞിന്റെ ജീവനായി മണിക്കൂറുകള്‍ ക്ഷമയോടെ സഹകരിച്ചു.

ആറ് ദിവസമായി പില്ലറിന് മുകളില്‍ കുടുങ്ങിയ പൂച്ചയുടെ കരച്ചില്‍ കേട്ടു പരിശോധിച്ചപ്പോഴാണ് പുറംലോകം അറിഞ്ഞത്.

ഇന്നലെ ഉച്ചയോടെ സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ വൈറ്റില വെല്‍കെയര്‍ ആശുപത്രിക്ക് സമീപമാണ് നാടകീയമായ രക്ഷാപ്രവര്‍ത്തനം അരങ്ങേറിയത്. മെട്രോ അധികൃതര്‍ അറിയിച്ചതനുസരിച്ച്‌ ഉച്ചയ്ക്ക് ഒരു മണിയോടെ ഗാന്ധിനഗര്‍ ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. മൃഗസ്നേഹികളും നാട്ടുകാരും താഴെ തടിച്ചുകൂടി.

ട്രാക്കിനടുത്ത് വരെ എത്താന്‍ ഉയരമുള്ള ഗോവണി ഫയര്‍ഫോഴ്സിന് ഇല്ലായിരുന്നു. മെട്രൊ റെയില്‍ അധികൃതര്‍ എത്തിച്ച ക്രെയിനിലാണ് പില്ലറിന് മുകളിലെത്തിയത്. രണ്ട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ആദ്യം മുകളിലെത്തി. ഇവര്‍ പൂച്ചയുടെ അടുത്ത് എത്താന്‍ ശ്രമിക്കവേ മറ്റുള്ളവര്‍ താഴെ വലവിരിച്ചു. ആള്‍ക്കൂട്ടവും ബഹളവും കണ്ട് പരിഭ്രാന്തിയിലായ പൂച്ച കട്ടകള്‍ക്കിടയില്‍ ഒളിച്ചു.

ഒടുവില്‍ നാല് ഉദ്യോഗസ്ഥര്‍ പില്ലറിന്റെ ഇരുവശത്തുമായി നിന്നു. നിസാരമെന്ന് കരുതി രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരെ അക്ഷരാര്‍ത്ഥത്തില്‍ പൂച്ച വെള്ളം കുടിപ്പിച്ചു. രണ്ടേമുക്കാലോടെ പൂച്ചയ്ക്കരികില്‍ എത്താനുള്ള ശ്രമം വിജയിച്ചു. വലയിട്ട് പിടിക്കാനുള്ള ശ്രമത്തിനിടെ പൂച്ച താഴെ വിരിച്ച വലയിലേക്ക് ചാടിയതോടെ കൈയടി ഉയര്‍ന്നു. റോഡിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പൂച്ചയെ ആളുകള്‍ പിടികൂടുകയായിരുന്നു. പൂച്ചയ്ക്ക് ഷെല്‍ട്ടര്‍ ഒരുക്കുമെന്ന് മൃഗസ്നേഹികള്‍ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi