Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

മെറിന് യു.എസില്‍ അന്ത്യയാത്ര

കുറവിലങ്ങാട് : മെറിന് അമേരിക്കയില്‍ തന്നെ അന്ത്യയാത്ര. അവിടെ മയാമി കോറല്‍ സ്പ്രിംഗ്‌സില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ മെറിന്റെ മൃതദേഹം സംസ്‌കരിച്ചു. അമേരിക്കയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും നേരിട്ട് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. മോനിപ്പള്ളിയിലെ വീട്ടില്‍ മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഓണ്‍ലൈനില്‍ സംസ്‌കാര ശുശ്രുഷയില്‍ പങ്കുചേര്‍ന്നു.

ഇതിനു മുന്നോടിയായി ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് മോനിപ്പള്ളി തിരുഹൃദയ പള്ളിയില്‍ ദിവ്യ ബലിയും അനുസ്മരണ പ്രാര്‍ത്ഥനകളും നടത്തിയിരുന്നു. മിയാമിയിലെ ഫ്യൂണറല്‍ ഹോമില്‍ മെറിന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചശേഷം ഇന്നലെ ഉച്ചയ്ക്ക് 2 ന് (ഇന്ത്യന്‍ സമയം രാത്രി 11.30ന്) ഹില്‍സ്‌ബൊറോ മെമ്മോറിയല്‍ സെമിത്തേരിയിലാണ് സംസ്‌കാരം നടത്തിയത്. ഫാ.ജോസ് ആദോപ്പള്ളില്‍ സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

മെറിന്റെ മൃതദേഹം മോനിപ്പള്ളിയിലെ വീട്ടില്‍ എത്തിക്കാന്‍ സാധിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നാട്ടില്‍ എത്തിച്ചാല്‍ തന്നെ പെട്ടിതുറന്ന് അന്ത്യചുംബനം നല്‍കാന്‍ പോലും കഴിയാത്ത വിധം മൃതദേഹത്തില്‍ മുറിവുകളും ചതവുകളും ഏറ്റ നിലയിലായിരുന്നതിനാലാണ് നാട്ടില്‍ കൊണ്ടുവരാതിരുന്നത്.

ഒന്നുമറിയാതെ നോറ

മെറിന്റെ മാതാപിതാക്കളായ ജോയിക്കും മേഴ്‌സിക്കും സഹോദരി മീരയ്ക്കും മെറിനെ അവസാനമായി നേരിട്ട് ഒരു നോക്ക് കാണുന്നതിനോ അന്ത്യചുംബനം നല്‍കുന്നതിനോ കഴിഞ്ഞില്ല. അവര്‍ മൂന്ന് പേരും ഹൃദയത്തില്‍ വിതുമ്ബുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ മെറിന്റെ മകള്‍ രണ്ടുവയസുകാരി നോറ അപ്പോഴും ബന്ധുവിന്റെ ഒക്കത്തിരുന്ന് പുഞ്ചിരി തൂകിക്കൊണ്ടിരുന്നു. കുഞ്ഞിന്റെ നിഷ്‌കളങ്കമായ ചിരി കണ്ട് വീട്ടുകാരും സുഹൃത്തുക്കളും വിങ്ങിപ്പൊട്ടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi