ന്യൂഡല്‍ഹി: 'ഒന്നു കണ്ണടച്ച് തുറക്കുംമുമ്പ് ഹോട്ടലിനെ തീ വിഴുങ്ങിയിരുന്നു. ചൂട് കാരണം അടുക്കാനായില്ല"- ഡല്‍ഹി മാളവ്യ നഗറില്‍ ഹോട്ടലിന് തീപിടിച്ചുണ്ടായ ദുരന്തത്തിന്റെ ആഘാതം മാറാതെ നാട്ടുകാർ പറയുന്നു.
സമീപത്തെ ഫ്ളാറ്റുകളില്‍ താമസിക്കുന്നവർ ഇറങ്ങിയോടി. അവരാണ് രക്ഷാപ്രവർത്തനം തുടങ്ങിയതും.
ശബ്‌ദം കേട്ട് പുറത്തുവന്നു നോക്കിയപ്പോള്‍ തീയും പുകയും കാരണം ഒന്നും മനസിലായില്ലെന്ന് നാട്ടുകാരനായ ഷേർ ഖാൻ പറയുന്നു. നിലവിളി കേട്ടപ്പോഴാണ് അകത്ത് ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് മനസിലായത്. പക്ഷേ അടുക്കാനായില്ല. പുകമൂലം ശ്വാസം മുട്ടലുമുണ്ടായി. ചിലർ ധൈര്യം സംഭരിച്ച് കെട്ടിടത്തിന്റെ താഴെ ചെന്ന് ഇഷ്‌ടിക അടക്കം കൈയില്‍ കിട്ടിയ വസ്‌തുക്കള്‍ എറഞ്ഞ് മുന്നിലെ ഗ്ളാസും ഗ്രില്ലും പൊട്ടിച്ചു. ഏറെപ്പേർ അതിലൂടെയാണ് രക്ഷപ്പെട്ടത്.
തുടർന്ന് നാട്ടുകാർ തൊട്ടടുത്ത ഹോട്ടലുകളില്‍ നിന്ന് മെത്തകളും ഷീറ്റുകളും എടുത്ത് താഴെ വിരിച്ചു. മുകളില്‍ കുടുങ്ങിയ ആളുകളോട് പൊട്ടിയ ഗ്ളാസ് ചില്ലിലൂടെ എടുത്ത് ചാടാൻ ആവശ്യപ്പെട്ടു. താഴെ വീണ ചിലരുടെ കൈകാലുകള്‍ ഒടിഞ്ഞെങ്കിലും ജീവൻ രക്ഷിക്കാനായെന്ന് ഷേർഖാൻ പറഞ്ഞു. ഒരു സ്‌ത്രീ മൂന്നാം നിലയില്‍ നിന്ന് ഒരു കൊച്ചുകുട്ടിയുമായാണ് ചാടിയത്. അവരുടെ കാലിന് പരിക്കേറ്റു. കുട്ടി സുരക്ഷിതയാണ്.
വിവരമറിഞ്ഞെത്തിയ ഫയർ എൻജിനുകള്‍ക്ക് ഹോട്ടലിനടുത്തേക്ക് വരാൻ സാധിക്കാത്തതും തിരിച്ചടിയായി. വലിയ വാഹനങ്ങള്‍ കടക്കുന്നത് തടയാൻ റോഡില്‍ ലോഹ ഫ്രെയിമുകള്‍ വച്ചിരുന്നു. സമീപത്ത് താമസിക്കുന്നവരുടെ കാറുകള്‍ വഴിയില്‍ പാർക്കു ചെയ്‌തതും രക്ഷാപ്രവർത്തനത്തിന് തടസമായി. എട്ട് ഫയർ എൻജിനുകള്‍ ചേർന്നാണ് രണ്ടുമണിക്കൂർ സമയമെടുത്ത് തീ അണച്ചത്.
തൊട്ടടുത്തുള്ള മാക്‌സ് ആശുപത്രിയില്‍ ചികിത്സ തേടുന്ന വിദേശികളാണ് തീപിടിച്ച ഹോട്ടലില്‍ താമസിച്ചവരില്‍ ഭൂരിപക്ഷവും. കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയവരെ ആദ്യം കൊണ്ടുപോയതും തൊട്ടടുത്തുള്ള ഈ ആശുപത്രിയിലേക്കാണ്. 18 പേരെ എത്തിച്ചപ്പോള്‍ തന്നെ മരിച്ചെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇതില്‍ 9 സ്‌ത്രീകളുണ്ട്. വിഷപ്പുക ശ്വസിച്ച് ഗുരുതരാവസ്ഥയിലായ എട്ടുപേരെ വെന്റിലേറ്ററിലേക്ക് മാറ്റി. മൂന്നുപേരുടെ നില ഗുരുതരമാണ്.

