കണ്ണൂർ:മുഖ്യമന്ത്രി വിഡി സതീശൻ അവസരവാദ രാഷ്ട്രീയത്തിന്റെ പ്രതിരൂപമായി മാറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജൻ.
പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഒരു നിലപാടും മുഖ്യമന്ത്രിയായ ശേഷം മറ്റൊരു നിലപാടുമാണ് വി.ഡി.സതീശൻ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര അന്വേഷണ ഏജൻസികളോടുള്ള സമീപനത്തിലും ഇരട്ടത്താപ്പ് നിലനില്‍ക്കുന്നു. സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തപ്പോള്‍ കോണ്‍ഗ്രസ്സ് രാജ്യത്താകമാനം കലാപം അഴിച്ചു വിടുകയാണ് ഉണ്ടായത്. മുഖ്യമന്ത്രി ഓന്ത് നിറം മാറുന്നത് പോലെ നിറം മാറുന്നു. വിഡി സതീശന്റെ ആർ എസ് എസ് ബന്ധം വളർന്നാണ് നിലവിലുള്ള കോണ്‍ഗ്രസ് ബി.ജെ.പി ഡീല്‍ ആയതെന്നും ജയരാജൻ വിമർശിച്ചു.
ബാങ്കുകള്‍ക്കെതിരെ രാഷ്ട്രീയ ആരോപണം
സി.പി.എം ഭരിക്കുന്ന ബാങ്കുകള്‍ പെൻഷൻ വിതരണം ചെയ്യുന്നില്ല എന്നത് രാഷ്ട്രീയ ആരോപണം മാത്രമാണ്. പെൻഷൻ എന്ന് പറഞ്ഞാല്‍ ഇടതുപക്ഷത്തിന്റേതാണ്. അറുപത്തിരണ്ട് ലക്ഷം പേർക്ക് പെൻഷൻ നല്‍കിയത് ഇടതുപക്ഷമാണ്. 45 രൂപ വീതം നായനാർ സർക്കാർ തുടങ്ങിയ പെൻഷൻ 2000 രൂപയായി വർദ്ധിപ്പിച്ചിരുന്നു. ഇതിനിടയില്‍ നാല് യു.ഡി.എഫ് സർക്കാർ അധികാരത്തില്‍ എത്തിയിട്ടും പെൻഷൻ വർദ്ധിപ്പിച്ചത് 100 രൂപയാണ്. ഉമ്മൻചാണ്ടിയുടെ കാലത്ത് 18 മാസം കുടിശ്ശികയാണെന്നും ജയരാജൻ ആരോപിച്ചു.

