Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുഖ്യമന്ത്രി തര്‍ക്കം: സിദ്ധരാമയ്യ - ഹൈക്കമാൻഡ് ചര്‍ച്ച ഇന്ന്

മുഖ്യമന്ത്രി തര്‍ക്കം: സിദ്ധരാമയ്യ - ഹൈക്കമാൻഡ് ചര്‍ച്ച ഇന്ന്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കലാപക്കൊടി ഉയർത്തുന്നതിനിടെ കർണാടക വിഷയത്തില്‍ ഡല്‍ഹിയില്‍ ഇന്ന് രാവിലെ 11ന് ചർച്ച.

ഡല്‍ഹിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോണ്‍ഗ്രസ് ഹൈക്കമാൻഡ് ചർച്ചയ്‌ക്കായി വിളിപ്പിച്ചത് നേതൃമാറ്റം ചർച്ച ചെയ്യാനാണെന്ന സൂചനയുണ്ട്. ഡി.കെയെ വിളിപ്പിച്ചിട്ടില്ല.

ചർച്ച ചെയ്യുന്ന വിഷയത്തെക്കുറിച്ച്‌ അറിയില്ലെന്നും ഊഹാപോഹങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും സിദ്ധരാമ പറഞ്ഞു. കോണ്‍ഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും താൻ പാലിക്കും. അതേസമയം,ഹൈക്കമാൻഡ് ആവശ്യപ്പെട്ടാല്‍ ഡല്‍ഹിയിലേക്ക് പോകുമെന്നും അഭ്യൂഹങ്ങളെക്കുറിച്ച്‌ അഭിപ്രായം പറയുന്നില്ലെന്നും ഡി.കെ പറഞ്ഞു. കഴിഞ്ഞ നവംബറില്‍ കർണാടകയിലെ കോണ്‍ഗ്രസ് സർക്കാർ രണ്ടരവർഷം തികച്ചതുമുതല്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലി സിദ്ധരാമയ്യയും ശിവകുമാറും തമ്മില്‍ തർക്കമുണ്ട്. രണ്ടരവർഷം കഴിഞ്ഞ് തനിക്ക് മുഖ്യമന്ത്രി പദം നല്‍കാമെന്ന് ഹൈക്കമാൻഡ് 2023ല്‍ വാഗ്ദാനം ചെയ്‌തെന്നാണ് ഡി.കെയുടെ വാദം.

ദക്ഷിണേന്ത്യയിലെ സുപ്രധാന സംസ്ഥാനത്തെ തർക്കം രമ്യമായി പരിഹരിക്കാൻ ശ്രമിക്കുന്ന ഹൈക്കമാൻഡ് കേരളം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാക്കാൻ നേതാക്കളോട് അഭ്യർത്ഥിച്ചിരുന്നു. ഇടക്കാലത്ത് നിശബ്‌ദമായിരുന്ന തർക്കം നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും തലപൊക്കി. ഡല്‍ഹി ചർച്ചയോടെ സമവായമുണ്ടാകുമെന്നാണ് ഹൈക്കമാൻഡ് നല്‍കുന്ന സൂചന.

ഉർസിന്റെ റെക്കാർഡ്

മറികടന്നു

കഴിഞ്ഞ ജനുവരിയില്‍,ഏറ്റവും കൂടുതല്‍ അധികാരത്തിലിരുന്ന കർണാടക മുഖ്യമന്ത്രി എന്ന ബഹുമതി സിദ്ധരാമയ്യ നേടിയിരുന്നു. കോണ്‍ഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഡി. ദേവരാജ് ഉർസിന്റെ റെക്കാർഡാണ് സിദ്ധരാമയ്യ മറികടന്നത്. സീനിയോറിട്ടിയും നിലവിലുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരില്‍ ഏക ദളിത് നേതാവായതും സിദ്ധരാമയ്യയ്‌ക്ക് അനുകൂല ഘടകങ്ങളാണ്. 136 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 100ലധികം പേരുടെ പിന്തുണ അദ്ദേഹത്തിനുണ്ട്. കേരളത്തിലേതു പോലെ ജനവികാരം കൂടി കണക്കിലെടുക്കുന്ന തീരുമാനം ഹൈക്കമാൻഡില്‍ നിന്നുണ്ടാകുമോ എന്നാണ് അറിയേണ്ടത്. കർണാടകയില്‍ ഉടൻ ഒഴിവുവരുന്ന നാല് രാജ്യസഭാ സീറ്റുകളിലെ സ്ഥാനാർത്ഥിത്വം,നിയമസഭാ കൗണ്‍സില്‍ സീറ്റുകള്‍ എന്നിവയെക്കുറിച്ചും ഡല്‍ഹിയില്‍ ചർച്ചകള്‍ നടക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi