Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുല്ലപ്പെരിയാറില്‍ സമവായ നീക്കവുമായി കമ്പം എം.എല്‍.എ

മുല്ലപ്പെരിയാറില്‍ സമവായ നീക്കവുമായി കമ്പം എം.എല്‍.എ

കേരളത്തിന് ആശ്വാസമാകും

കൊച്ചി: തമിഴ്നാട്ടിലെ ഭരണകക്ഷി എം.എല്‍.എ ജഗന്നാഥ മിശ്ര മുന്നോട്ടുവച്ച നിർദ്ദേശം നടപ്പായാല്‍ കേരളവും തമിഴ്നാടും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന മുല്ലപ്പെരിയാർ പ്രശ്നപരിഹാരത്തിന് പ്രായോഗിക പരിഹാരമായേക്കും.

അണക്കെട്ടിലെ വെള്ളം പൂർണമായും തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാമെന്നാണ് മിശ്ര പറയുന്നത്. അണക്കെട്ട് പൂർണശേഷിയില്‍ നിറച്ചു നിറുത്തുന്ന നിലവിലെ അവസ്ഥ ഒഴിവാകും. ജലനിരപ്പ് ഉയർത്തരുതെന്ന കേരളത്തിന്റെ നിലപാടുമായി ഒത്തുപോകുന്നതാണ് ഈ നിർദ്ദേശം.

മുഴുവൻ ജലവും തമിഴ്നാട് കൊണ്ടുപോകണമെന്നുതന്നെയാണ് കേരളം എല്ലാകാലത്തും ആവശ്യപ്പെട്ടിട്ടുള്ളത്. അണക്കെട്ട് നിറച്ചുനിറുത്തുക, ആവശ്യമുള്ളപ്പോള്‍ മാത്രം വെള്ളം കൊണ്ടുപോവുക എന്നതായിരുന്നു തർക്കം തുടങ്ങിയ 1995 മുതല്‍ തമിഴ്നാട്ടില്‍ മാറിമാറി ഭരിച്ച ഡി.എം.കെയുടെയും എ.ഐ.എ.ഡി.എം.കെ സർക്കാരുകളുടെ നിലപാട്. ബലക്ഷയം സംഭവിച്ച അണക്കെട്ടിലെ സംഭരണശേഷി 120 അടിയായി കുറയ്ക്കണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം.

തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് ഗോദയില്‍ തേനി, മധുര, രാമനാഥപുരം, ദിണ്ടിഗല്‍, ശിവഗംഗ തുടങ്ങിയ തെക്കൻജില്ലകളില്‍ മുല്ലപ്പെരിയാറും മംഗളാദേവി ക്ഷേത്രവും മുഖ്യവിഷയമായിരുന്നു. ഈ അഞ്ച് ജില്ലകളിലെയും 29 മണ്ഡലങ്ങളില്‍ 16 ഇടത്തും ടി.വി.കെയാണ് വിജയിച്ചത്. അതോടെ തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനം പാലിക്കാൻ അവർ നിർബന്ധിതരുമായി. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു കമ്പം എം.എല്‍.എയുടെ പ്രതികരണം.

ടി.വി.കെ എം.എല്‍.എ പറഞ്ഞത്

''അണക്കെട്ടിലെ മുഴുവൻ ജലവും തമിഴ്നാടിന് അവകാശപ്പെട്ടതാണ്. അതിന്റെ പേരില്‍ രാഷ്ട്രീയം തിരുകിക്കയറ്റി ഇരുസംസ്ഥാനത്തെയും ജനങ്ങളെ തമ്മിലടിപ്പിക്കാൻ ആരും ശ്രമിക്കരുത്. മഴക്കാലത്ത് സംഭരണശേഷി കവിഞ്ഞ് അധികജലം അറബിക്കടലിലേക്ക് ഒഴുകിപോക്കുന്ന സാഹചര്യം ഒഴിവാക്കണം.വർഷത്തില്‍ ശരാശരി അഞ്ചു തവണ ഈ രീതിയില്‍ ജലം പാഴാകുന്നുണ്ട്. ഈ കാര്യങ്ങള്‍ മുഖ്യമന്ത്രി വിജയുമായി സംസാരിച്ചു,""

സമവായമാണ് പോംവഴി

1886ലെ പാട്ടക്കരാർ അനുസരിച്ച്‌ ഇരുകക്ഷികള്‍ക്കുമിടയില്‍ തർക്കമുണ്ടായാല്‍ ആർബിട്രേഷനിലൂടെയാണ് പരിഹരിക്കേണ്ടത്. 1942ല്‍ സർ സി.പി. രാമസ്വാമി അയ്യർ ദിവാൻ ആയിരുന്ന കാലത്ത് ആർബിട്രേഷനിലൂടെ തർക്കം പരിഹരിച്ച ചരിത്രവുമുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi