Dailyhunt
'മൂന്ന് രത്‌നങ്ങള്‍ക്ക് ' കണ്ണന്റെ  സന്നിധിയില്‍ മംഗല്യഭാഗ്യം

'മൂന്ന് രത്‌നങ്ങള്‍ക്ക് ' കണ്ണന്റെ സന്നിധിയില്‍ മംഗല്യഭാഗ്യം

ഗുരുവായൂര്‍: ഒറ്റപ്രസവത്തില്‍ ജനിച്ച പഞ്ചരത്‌നങ്ങളിലെ മൂന്ന് രത്‌നങ്ങള്‍ കണ്ണന്റെ സന്നിധിയില്‍ വിവാഹിതരായി. ഉത്രം നക്ഷത്രത്തില്‍ പിറന്ന ഉത്ര, ഉത്തര, ഉത്തമ, ഉത്രജ, ഉത്രജന്‍ എന്നിവരില്‍ ഉത്ര, ഉത്തര, ഉത്തമ എന്നിവരാണ് ശനിയാഴ്ച രാവിലെ വിവാഹിതരായത്. മൂന്ന് പേരും ഒരേ വേഷത്തിലാണ് ഒരുങ്ങി വന്നത്. ചുവന്ന പട്ടു സാരിയുടുത്തു വന്ന സഹോദരങ്ങളില്‍ ഉത്തരയാണ് കതിര്‍ മണ്ഡപത്തിലേക്ക് ആദ്യം കയറിയത്.

പിന്നീട് ഉത്തമയും ഉത്രയും വരണമാല്യമണിഞ്ഞു.

അമ്മ രമാദേവിയുടെ കാല്‍ക്കല്‍ തൊട്ടു വണങ്ങി മണ്ഡപത്തിലേക്ക് കയറിയ മൂന്നു പേരുടെയും വിവാഹം ഏക സഹോദരന്‍ ഉത്രജന്‍ കാരണവരുടെ സ്ഥാനത്ത് നിന്ന് നടത്തിക്കൊടുത്തു.

ഫാഷന്‍ ഡിസൈനറായ ഉത്രയെ മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി അജിത് കുമാറാണ് താലിചാര്‍ത്തിയത്.

മാദ്ധ്യമ പ്രവര്‍ത്തകയായ ഉത്തരയെ മാദ്ധ്യമപ്രവര്‍ത്തകന്‍ തന്നെയായ കോഴിക്കോട് സ്വദേശി കെ.ബി. മഹേഷ് കുമാറാണ് വിവാഹം ചെയ്തത്. അനസ്തേഷ്യ ടെക്‌നീഷ്യന്‍ ഉത്തമയെ മസ്‌കറ്റില്‍ അക്കൗണ്ടന്റായ ജി. വിനീതും താലികെട്ടി.

ഉത്രജയുടെ വിവാഹം നിശ്ചയിച്ചിട്ടുണ്ടെങ്കിലും വിദേശത്തുള്ള വരന് എത്താന്‍ കഴിയാത്തതിനാല്‍ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. കൊച്ചി അമൃത മെഡിക്കല്‍ കോളേജില്‍ അനസ്തേഷ്യ ടെക്‌നീഷ്യനായ ഉത്രജയുടെ വരന്‍ പത്തനംതിട്ട സ്വദേശിയും കുവൈറ്റില്‍ അനസ്തേഷ്യ ടെക്‌നീഷ്യനുമായ ആകാശാണ്.

തിരുവനന്തപുരം പോത്തന്‍കോട് നന്നാട്ടു കടവില്‍ പ്രേംകുമാര്‍ രമാദേവി ദമ്ബതികള്‍ക്ക് 1995 നവംബര്‍ 18 നായിരുന്നു അഞ്ച് മക്കള്‍ ജനിച്ചത്.

ഉത്രം നാളില്‍ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ജനിച്ച അവര്‍ക്ക് സാമ്യമുള്ള പേരുകളിട്ടു. ഇവര്‍ക്ക് 10 വയസാകുന്നതിന് മുമ്ബേ അച്ഛന്‍ മരണപ്പെട്ടു. എല്ലാ പ്രതിസന്ധികളോടും പൊരുതിയാണ് രമാദേവി അഞ്ചു മക്കളെയും വളര്‍ത്തി വലുതാക്കിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi