തിരുവനന്തപുരം:നഗരസഭ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗാന്ധി പാര്‍ക്കില്‍ സ്ഥാപിച്ച ഇലക്‌ട്രോണിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം മേയര്‍ കെ.ശ്രീകുമാര്‍ നിര്‍വഹിച്ചു. നഗരസഭ നഗരാസൂത്രണ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പാളയം രാജന്‍,സ്മാര്‍ട്ട് സിറ്റി സി.ഇ.ഒ പി.ബാലകിരണ്‍,ജനറല്‍ മാനേജര്‍ സനൂപ് ഗോപീകൃഷ്ണ എന്നിവര്‍ പങ്കെടുത്തു. ഇലക്‌ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 15 വനിതകള്‍ക്ക് ഇ ഓട്ടോയും 15 വനിതകള്‍ക്ക് ഇ -റിക്ഷയും വിതരണം ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഗാന്ധി പാര്‍ക്കില്‍ ഇലക്‌ട്രോണിക് ചാര്‍ജിംഗ് സ്റ്റേഷന്‍ സജ്ജമാക്കിയത്. സംസ്ഥാനത്തെ ആദ്യ പബ്ലിക് ഇലക്‌ട്രോണിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനാണ് ഗാന്ധി പാര്‍ക്കില്‍ സ്ഥാപിച്ചത്.

