വാഷിംഗ്ടണ്‍: കാര്‍ട്ടൂണ്‍ കഥാപാത്രമായ സ്പോഞ്ച് ബോബിന്റെ ആരാധകനായ ന്യൂയോര്‍ക്ക് സ്വദേശിയായ നാല് വയസുകാരന് നോഹ് എന്ന ബാലന് ആമസോണ്‍ വഴി അബദ്ധത്തില്‍ ഓര്‍ഡര്‍ ചെയ്തത് 918 സ്പോഞ്ച്ബോബ് കോലുമിഠായികള്‍. 918 കോലുമിഠായികള്‍ അടങ്ങിയ 52 പെട്ടികള്‍ക്ക് 2618.86 ഡോളറായിരുന്നു വില (1.91ലക്ഷം രൂപ).
നോഹിന്റെ ബന്ധുവിന്റെ വീട്ടിലാണ് ഓര്‍ഡര്‍ എത്തിയത്.
ഓട്ടിസം ബാധിതനായ നോഹിന്റെമാതാവായ ജെന്നിഫര്‍ ബ്രയന്റ് മകന് അബന്ധം സംഭവിച്ചതാണെന്ന് ആമസോണ്‍ അധികൃതരോട് വിശദീകരിച്ചെങ്കിലും അവര്‍ പെട്ടികള്‍ തിരിച്ചെടുക്കാനാവില്ലെന്ന് അറിയിച്ചു. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ സില്‍വര്‍ സ്കൂളില്‍ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥിയും മൂന്ന് കുട്ടികളുടെ മാതാവുമായ ജെന്നിഫര്‍ സംഭവത്തെക്കുറിച്ച് സര്‍വകലാശാലയുടെ സോഷ്യല്‍ വര്‍ക്ക് ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫേസ്ബുക്ക് പേജില്‍ കുറിപ്പെഴുതി. പോസ്റ്റ് ശ്രദ്ധയില്‍ പെട്ട സഹപാഠിയായ കാറ്റി സ്കോള്‍സ് 'ഗോഫണ്ട്മി' വഴി ധനസമാഹരണ കാമ്ബെയ്ന് തുടക്കം കുറിച്ചു. നോഹിന്റെ കോലുമിഠായിക്കുള്ള തുക 24 മണിക്കൂറിനുള്ളില്‍ പിരിഞ്ഞുകിട്ടി.600 പേര് 15,306 ഡോളറാണ് സംഭാവന ചെയ്തത്. അധികം ലഭിച്ച തുക നോഹിന്റെ വിദ്യാഭ്യാസത്തിനും മറ്റുമായി ഉപയോഗിക്കുമെന്ന് ബ്രയന്റ് പറഞ്ഞു.

