സുല്‍ത്താന്‍ ബത്തേരി: ദേശീയപാതയില്‍ മൈസൂരിനടുത്ത് നഞ്ചന്‍കോട് വെച്ച് ആംബുലന്‍സ് വാനിനു നേരെ തോക്ക് ചൂണ്ടി കവര്‍ച്ച ചെയ്യാന്‍ ശ്രമം. ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ കാരണം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ഡ്രൈവര്‍ കാസര്‍കോട് സ്വദേശി ഹനീഫ (32), സഹായി കൊല്ലം സ്വദേശി മനോജ് (36) എന്നിവരാണ് കൊള്ളസംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടത്.
ബംഗളൂരുവില്‍ ചികിത്സയിലായിരുന്ന രോഗിയെ ബത്തേരിയിലെ വിനായക ആശുപത്രിയില്‍ കൊണ്ടുപോയി വിട്ടശേഷം തിരികെ പോകുന്നതിനിടെയാണ് കൊള്ളസംഘം വാഹനം തടഞ്ഞു നിര്‍ത്തി തോക്കു ചൂണ്ടി കൊള്ളയടിക്കാന്‍ ശ്രമം നടത്തിയത്. പുലര്‍ച്ചെ രണ്ട് മണിയോടെ നഞ്ചന്‍കോട് ആളില്ലാത്ത ഭാഗത്ത് എത്തിയപ്പോള്‍ അമിതവേഗതയില്‍ വന്ന കാറ് ആംബുലന്‍സിനെ മറികടന്ന് റോഡിന് കുറുകെയിട്ട് തടയുകയായിരുന്നു.
കാറില്‍ നിന്നിറങ്ങിയവര്‍ തോക്ക് ചുണ്ടി പണം ആവശ്യപ്പെട്ടു. ഡ്രൈവര്‍ വേഗം തന്നെ വാനിന്റെ ഡോര്‍ ലോക്ക് ചെയ്യുകയും സൈറന്‍ ഇടുകയും ഒപ്പം പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം അയയ്ക്കുകയും ചെയ്തു.
ഡോര്‍ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നതിനിടെ പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും കൊള്ളസംഘം വാഹനത്തില്‍ കയറി കടന്നുകളഞ്ഞു. മൈസൂര്‍ സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ദേശീയപാതയില്‍ രാത്രി മലയാളികളുടെ വാഹനങ്ങള്‍ നോക്കി കൊള്ളയടിക്കുന്ന സംഘങ്ങള്‍ നേരത്തെയുണ്ടെങ്കിലും ആംബുലന്‍സിന് നേരെ കവര്‍ച്ചാശ്രമം നടക്കുന്നത് ആദ്യമാണ്.

