Friday, 23 Apr, 10.20 pm കേരളകൗമുദി

പ്രാദേശികം
നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ജില്ലയിലെ ആദ്യസൂപ്പര്‍മാര്‍ക്കറ്റ്

കളമശേരി: പ്രതാപകാലം വീണ്ടെടുക്കാനൊരുങ്ങി ജില്ലയിലെ ആദ്യകാല സൂപ്പര്‍ മാര്‍ക്കറ്റായ ഫാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി . ഫാക്ടിന്റെ തളര്‍ച്ചയില്‍ പ്രതിസന്ധിയിലായ സ്ഥാപനം ശക്തമായി തിരിച്ചു വരവിനൊരുങ്ങുകയാണിപ്പോള്‍.

സൂപ്പര്‍മാര്‍ക്കറ്റും ഓണ്‍ലൈന്‍ പര്‍ച്ചേസും എ.ടി.എം കാര്‍ഡും ന്യൂജെന്‍ തലമുറയുടെ ജീവിത ഭാഗമാണെങ്കില്‍ ഇതിന്റെ ആദ്യകാലരൂപം വിജയകരമായി നടപ്പാക്കിയ സ്ഥലമാണ് ഫാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. പലവ്യഞ്ജനം, സ്റ്റേഷനറി, ടെക്സ്റ്റൈല്‍, മെഡിസിന്‍, റേഷന്‍ഷോപ്പ്, ധാന്യങ്ങളും മറ്റും പൊടിക്കുന്ന മില്‍ , പാചകവാതകം, തുടങ്ങിയവയെല്ലാം ഒരു കുടക്കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇന്നും ഭേദപ്പെട്ട ഡിസ്ക്കൗണ്ട് ഇവിടുണ്ട്. 1300 ഓളം അംഗങ്ങള്‍ക്ക് ഗ്യാസ് സിലിണ്ടറും നല്‍കുന്നതായി സെക്രട്ടറി പി.ജി പ്രസാദ് പറഞ്ഞു

1947 സെ പ്തംബര്‍ 26 ന് ഫാക്‌ട് ജംഗ്ഷനിലെ മാര്‍ക്കറ്റിംഗ് ഡിവിഷന്റെ കെട്ടിടത്തിലായിരുന്നു മാര്‍ക്കറ്റ് തുടങ്ങിയത്. പിന്നീട് പോസ്റ്റ് ഓഫീസിനടുത്ത് പുതിയ കെട്ടിടം പണികഴിപ്പിച്ച്‌ മാറി. 42 ജീവനക്കാരുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 7 താത്കാലിക ജീവനക്കാരായി ചുരുങ്ങി. ഫാക്‌ട് ജീവനക്കാര്‍ക്ക് ക്രെഡിറ്റ് സൗകര്യവും ഇവിടെ നല്‍കിയിരുന്നു. റേഷന്‍ കാര്‍ഡിന്റെ വലിപ്പമുള്ള പാസ്ബുക്ക് ഇന്നത്തെ എ.ടി.എം കാര്‍ഡെന്നു പറയാം. പറ്റ് തുക ജീവനക്കാരുടെ മാസശമ്ബളത്തില്‍ നിന്ന് പിടിക്കും. മറ്റുള്ളവര്‍ക്ക് പണം കൊടുത്താല്‍ സാധനങ്ങള്‍ കിട്ടും.

ടൗണ്‍ഷിപ്പില്‍ 1975ല്‍ ഫാക്‌ട് ഹൗസിനു സമീപം ഏറെക്കാലം ഒരു ശാഖയും പ്രവര്‍ത്തിച്ചു.

പാസ്ബുക്കും ലിസ്റ്റും നല്‍കിയാല്‍ അത് സൈക്കിളില്‍ വീട്ടിലെത്തിച്ചു തരാന്‍ ചുമട്ടുതൊഴിലാളികളായ നാലുപേര്‍ സദാസമയവും റെഡിയായിരുന്നു. ഓണ്‍ലൈന്‍ പര്‍ച്ചേസിന്റെ അന്നത്തെ രീതി അതായിരുന്നു. കാവല്‍ക്കാരനായിരുന്ന ഗൂര്‍ഖയും ഇന്നില്ല.

ഫാക്‌ട് മാനേജുമെന്റ് നോമിനേറ്റ് ചെയ്ത എം.എ. ജോയി പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി കെ.എ.നന്ദകുമാര്‍ , ഡി.സുനിത, റോളണ്ട് വര്‍ഗീസ്, കൂടാതെ ജീവനക്കാരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എം.കെ. സുഭാഷണന്‍, കെ.ജി.ബിന്ദു രാജ്, ഗീത.വി. മേനോന്‍, പി.കെ.വാസന്തി, കെ.എസ്. സുനില്‍ , അബ്ദുള്‍ സമദ് എന്നിവരുമാണ് ഭരണ സമിതി.

ആധുനിക സൗകര്യങ്ങളോടു കൂടിയ സൂപ്പര്‍ മാര്‍ക്കറ്റാക്കി ഫാക്‌ട് ഷോപ്പിംഗ് കോംപ്ളക്സിലേക്ക് മാറ്റി സ്ഥാപിക്കുവാന്‍ മാനേജുമെന്റ് പച്ചക്കൊടി വീശിക്കഴിഞ്ഞു. സി. എം. ഡി. കിഷോര്‍ രുംഗ്തയും ജനറല്‍ മാനേജര്‍ ഏ.ആര്‍. മോഹന്‍ കുമാറും വേണ്ട താല്പര്യമെടുത്തിട്ടുണ്ടെന്നും സുഭാഷണന്‍ പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top