നടുവില്‍: കനത്ത മഴയെ തുടർന്നു കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് ഇന്നലെ അവധി പ്രഖ്യാപിച്ചത് രാവിലെ 8 മണിയോടുകൂടിയായിരുന്നു.
മിക്കവാറും വിദ്യാലയങ്ങള്‍ ഇന്നലെ അവധിയിലായിരുന്നെങ്കിലും പ്രവൃത്തിദിവസമായ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമെല്ലാം വൈകിയെത്തിയ അവധി പ്രഖ്യാപനത്തില്‍ വലഞ്ഞു.
ട്യൂഷൻ, മദ്രസ വിദ്യാർത്ഥികള്‍ രാവിലെ വീടുകളില്‍ നിന്നും പുറപ്പെട്ടതിനു ശേഷമാണ് അവധി പ്രഖ്യാപനം വരുന്നത്. പലരും അവധി അറിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്നു. മലയോരത്ത് കനത്ത മഴ പെയ്തു. പുഴകളും തോടുകളും നിറഞ്ഞൊഴുകി.
അവധി പ്രഖ്യാപനം രാവിലെ വൈകി തിരുമാനിച്ചതിന് ജില്ലാ കളക്ടറുടെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജില്‍ ട്രേളോട് ട്രോളായി.' കുറച്ചു നേരത്തെ എണീറ്റൂടെ കളക്ടർ മാമാ..', 'കളക്ടർ ഉറങ്ങിപ്പോയാ'., തുടങ്ങിയ കമന്റുകളാണ് നിറഞ്ഞത്. രാവിലെ എഴുന്നേറ്റ് മാതാപിതാക്കള്‍ ഭക്ഷണം തയ്യാറാക്കി കുട്ടികളെ വീട്ടില്‍ നിന്നും വിദ്യാലയങ്ങളിലേക്ക് അയച്ചതിനു ശേഷം വീടുപൂട്ടി ജോലിക്കു പോയിട്ടുണ്ടാവും. കുട്ടികള്‍ തിരികെ വീട്ടിലെത്തുമ്പോള്‍ വീട്ടില്‍ ആരും ഇല്ലാത്ത അവസ്ഥയും ഉണ്ടാവും. ജോലി സ്ഥലത്തു നിന്നും മാതാപിതാക്കള്‍ തിരികെ വീട്ടിലേക്ക് വന്ന് വീടു തുറന്നു കൊടുക്കേണ്ടുന്ന സാഹചര്യം പോലും ഉണ്ടായി എന്ന വിമർശനവുമുണ്ട്.
വിദ്യാലയം പ്രവർത്തിച്ചതില്‍
അന്വേഷണം
കണ്ണൂർ: കനത്ത മഴയെ തുടർന്നു വിദ്യാലയങ്ങള്‍ക്ക് ഇന്നലെ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടും ചാലയിലെ ചിൻമയ വിദ്യാലയം തുറന്ന് പ്രവർത്തിച്ചതിനെതിരെ അന്വേഷണം നടത്താൻ നിർദ്ദേശം. വിദ്യാലയം ഉച്ച 12.30 മണി വരെയാണ് പ്രവർത്തിച്ചത്. ഇത് സംബന്ധിച്ച അറിയിപ്പ് സ്കൂള്‍ ഗ്രൂപ്പ് വഴി രക്ഷിതാക്കളെ അറിയിച്ചിരുന്നു. ആദ്യം രണ്ട് മണി വരെ ക്ലാസ് നടക്കുമെന്ന് അറിയിച്ചെങ്കിലും പിന്നീട് മാറ്റം വരുത്തുകയായിരുന്നു. സംഭവം വിവാദമായതോടെ ജില്ല ഭരണകൂടം അന്വേഷണം നടത്താൻ നിർദ്ദേശിക്കുകയായിരുന്നു.
