കൊച്ചി: ഭാരവാഹികളുടെ ചേരിതിരിവ് പൊലീസ് കേസില്‍ കലാശിച്ചതോടെ താരസംഘടനയായ 'അമ്മ'യുടെ നേതൃത്വത്തില്‍ മാറ്റം വേണമെന്ന ആവശ്യം ശക്തം.
സമവായശ്രമം പരാജയപ്പെട്ടതോടെ നേതൃമാറ്റം പൊതുയോഗം തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് ഭാരവാഹികള്‍.
ജോയിന്റ് സെക്രട്ടറി അൻസിബ ഹസന്റെ രാജിക്ക് പിന്നാലെയാണ് പ്രശ്നങ്ങള്‍ പരസ്യമായത്. ആരോപണ, പ്രത്യാരോപണങ്ങള്‍ക്ക് പിന്നാലെ ടിനി ടോമിനെതിരെ അൻസിബയും, അൻസിബയ്‌ക്കെതിരെ ലക്ഷ്മിപ്രിയയും പൊലീസില്‍ പരാതി നല്‍കി. 21ന് കാക്കനാട്ടെ ചിറ്റിലപ്പിള്ളി സ്‌ക്വയറിലാണ് പൊതുയോഗം. ഇന്നലെ നിർവാഹക സമിതിയോഗം പൊതുയോഗത്തിന്റെ അജണ്ട അംഗീകരിച്ചു. വിവാദവിഷയങ്ങള്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തി. കേസില്‍ ഇടപെടേണ്ടെന്നാണ് ഭാരവാഹികളുടെ നിലപാട്.
നേതൃമാറ്റം അനിവാര്യമാണെന്ന് നടി മാലാ പാർവതി 'അമ്മ'യ്ക്ക് അയച്ച തുറന്ന കത്തില്‍ ആവശ്യപ്പെട്ടതിന് പിന്തുണ ലഭിക്കുന്നുണ്ട്. സ്ത്രീവിരുദ്ധതയായി വ്യാഖ്യാനിക്കപ്പെടുമെന്നതിനാലും വനിതാ ഭാരവാഹികള്‍ക്ക് മുൻതൂക്കമുള്ളതിനാലും പരസ്യമായി ആരും നേതൃമാറ്റം ആവശ്യപ്പെടുന്നില്ല.
എന്നാല്‍, പൊതുയോഗത്തില്‍ വിമർശനമുണ്ടായേക്കും. എല്ലാ വിഷയങ്ങളും പൊതുയോഗം ചർച്ച ചെയ്യട്ടെയെന്ന നിലപാടിലാണ് അമ്മ നേതൃത്വം. പൊതുയോഗം തീരുമാനിച്ചാല്‍ മാറാമെന്നാണ് നിലപാടെന്ന് അറിയുന്നു. എല്ലാ സംഘടനകളിലും സംഭവിക്കുന്ന പ്രശ്നങ്ങളേ അമ്മയിലുമുള്ളൂ. ക്ഷേമപദ്ധതികള്‍ മുടങ്ങിയിട്ടില്ലെന്നും ഭാരവാഹികള്‍ പറയുന്നു.
ഇടപെടാതെ മുതിർന്നവർ
വിഴുപ്പലക്കല്‍ സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാൻ മുതിർന്ന അംഗങ്ങളോ മുൻ ഭാരവാഹികളോ രംഗത്തില്ല. സൃഷ്ടിച്ചവർ തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കട്ടെയെന്ന നിലപാടിലാണവർ. ഭാരവാഹികള്‍ പരസ്പര ബഹുമാനവും വിശ്വാസവും പുലർത്തുന്നില്ലെന്നും പ്രവർത്തനം സുതാര്യമല്ലെന്നും അവർ പറയുന്നു.
പൊതുയോഗത്തില്‍ എല്ലാം വിശദീകരിക്കും. ഭരണസമിതി മാറ്റം ഉള്‍പ്പെടെ എന്തും അംഗങ്ങള്‍ തീരുമാനിക്കട്ടെ.
കുക്കു പരമേശ്വരൻ
ജനറല്‍ സെക്രട്ടറി, അമ്മ
നിലവിലെ പ്രതിസന്ധിയുടെയും ഭരണപരമായ പരാജയങ്ങളുടെയും ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഭരണസമിതി സ്ഥാനമൊഴിയണം.
മാലാ പാർവതി, നടി.

