Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നിരത്ത് കീഴടക്കി സി.എൻ.ജി,  ഇലക്‌ട്രിക് വാഹനങ്ങള്‍

നിരത്ത് കീഴടക്കി സി.എൻ.ജി, ഇലക്‌ട്രിക് വാഹനങ്ങള്‍

നിരത്ത് കീഴടക്കി സി.എൻ.ജി, ഇലക്‌ട്രിക് വാഹനങ്ങള്‍

യുദ്ധം വിപണിയുടെ ഗതിമാറ്റി

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തില്‍ ഇന്ധന വില കത്തിക്കയറിയതോടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ നിന്ന് ഉപഭോക്താക്കള്‍ ബദല്‍ ഇന്ധനത്തിലേക്ക് അതിവേഗം മാറുന്നു.

ജൂണില്‍ ഇന്ത്യയിലെ ഇലക്‌ട്രിക്, ഹൈബ്രിഡ്, പ്രകൃതി വാതക(സി.എൻ.ജി) വാഹനങ്ങളുടെ വില്‍പ്പന റെക്കാഡ് ഉയരത്തിലെത്തിയെന്ന് ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷൻ(എഫ്.എ.ഡി.എ) പ്രസിഡന്റ് സി.എസ് വിഗ്‌നേശ്വർ പറഞ്ഞു. മൊത്തം വില്‍പ്പനയില്‍ ബദല്‍ ഇന്ധന യാത്രാ വാഹനങ്ങളുടെ വിപണി വിഹിതം കഴിഞ്ഞ മാസം 40.35 ശതമാനമായി ഉയർന്നു. മുൻമാസം ഈ വാഹനങ്ങളുടെ വിഹിതം 38 ശതമാനമായിരുന്നു. ഇറാൻ യുദ്ധവും ഹോർമുസ് ഇടനാഴിയിലൂടെ കപ്പല്‍ ഗതാഗതം തടസപ്പെട്ടതും രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 120 ഡോളറിലേക്ക് ഉയർത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച്‌ മേയില്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില പല തവണ വർദ്ധിപ്പിച്ചതാണ് ഉപഭോക്താക്കളെ ബദല്‍ വാഹനങ്ങളിലേക്ക് നീങ്ങാൻ പ്രേരിപ്പിച്ചത്.

പെട്രോള്‍, ഡീസല്‍ വിലയിലുണ്ടായ വർദ്ധനയിലുണ്ടായ താത്കാലിക പ്രതികരണമാണോ ഇലക്‌ട്രിക് വാഹനങ്ങളോട് സ്ഥായിയായ മനംമാറ്റമാണോയെന്ന് വരും മാസങ്ങളില്‍ മാത്രമേ വ്യക്തമാകൂവെന്ന് സി.എസ് വിഗ്‌നേശ്വർ കൂട്ടിച്ചേർത്തു.

മാറുന്ന വില്‍പ്പന ചിത്രം

● മൊത്തം വാഹനവില്‍പ്പന: 26 ലക്ഷം (+21.8%)
● യാത്രാവാഹനങ്ങള്‍: 4.1 ലക്ഷം (+28.6%)
● സി.എൻ.ജി: 24.3%
● ഹൈബ്രിഡ്: 8.3%
● ഇലക്‌ട്രിക് കാറുകള്‍: 7.8%
● ഇ.വി ഇരുചക്ര വാഹന വിഹിതം: 10%+

മാറ്റത്തിന് പിന്നില്‍

● പെട്രോള്‍, ഡീസല്‍ വിലയിലെ വമ്പൻ കുതിപ്പ്
● മലിനീകരണം കുറഞ്ഞ വാഹനങ്ങളോടുള്ള പ്രിയം
●ചെലവ് കുറയ്ക്കാനുള്ള ഉപഭോക്തൃ ചുവടുമാറ്റം

● വീടുകളില്‍ സോളാർ പ്ളാന്റുകളുടെ വ്യാപനം

നേട്ടമുണ്ടാക്കുന്നവർ

  • സി.എൻ.ജി ശ്രേണിയില്‍ മാരുതി സുസുക്കി
  • ഹൈബ്രിഡ് വാഹനങ്ങളില്‍ ടൊയോട്ട, മാരുതി
  • ഇ.വി കാറുകളില്‍ ടാറ്റ മോട്ടോഴ്സ്, എംജി, മഹീന്ദ്ര
  • ചാർജിംഗ് ശൃംഖലകളും സി.എൻ.ജി വിതരണക്കാരും

ട്രെൻഡ് തുടരുമോ?

ഹോർമുസ് വഴിയുള്ള കപ്പല്‍ഗതാഗതം സാധാരണ നിലയിലായെങ്കിലും ആഭ്യന്തര ഇന്ധന വിലയില്‍ മാറ്റമുണ്ടായിട്ടില്ല. അതിനാല്‍ ബദല്‍ ഇന്ധന വാഹനങ്ങളുടെ ഡിമാൻഡില്‍ സമീപ മാസങ്ങളില്‍ ഇടിവുണ്ടാകാൻ സാധ്യത കുറവാണെന്ന് ഡീലർമാർ പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi