തലശ്ശേരി: നിട്ടൂർ സി.എസ്.ഐ ഗുണ്ടർട്ട് മെമ്മോറിയല്‍ ചർച്ച് സെമിത്തേരി വളപ്പിലെ തേക്ക്മരങ്ങള്‍ മുറിച്ചുമാറ്റിയെന്ന കേസില്‍ ഒന്നാം പ്രതിയുള്‍പ്പെടെ അഞ്ച് പേർക്ക് തലശ്ശേരി ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
നിട്ടൂർ പള്ളിയുടെ കൗണ്‍സില്‍ സെക്രട്ടറി കൂടിയായ ഒന്നാംപ്രതി എം. ഷിബിൻ ഷെറോള്‍ഡ് ഉള്‍പ്പെടെ അഞ്ച് പേരാണ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
ജൂലായ് 16ന് നിട്ടൂർ സി.എസ്.ഐ പള്ളി സെമിത്തേരി വളപ്പില്‍ നിന്നുള്ള ഏഴ് തേക്ക് മരങ്ങള്‍ മുറിച്ചുമാറ്റിയെന്നും മരങ്ങള്‍ക്ക് ഏകദേശം 10 ലക്ഷം രൂപ വിലവരുമെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.
പള്ളി പ്രോപ്പർട്ടി സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ധർമടം പൊലീസ് കേസെടുത്തത്. എന്നാല്‍, പള്ളിയുടെ ആഭ്യന്തര ഭരണവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് ആരോപണങ്ങള്‍ ഉയർന്നതെന്നും പ്രതികള്‍ നിരപരാധികളാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കേസില്‍ പ്രതികള്‍ക്ക് ക്രിമിനല്‍ മുൻപരിചയങ്ങളില്ലെന്നും കസ്റ്റഡി ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്നും വിലയിരുത്തിയ കോടതി കർശന ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. പ്രതികള്‍ ഒമ്പതിന് രാവിലെ 10ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ എസ്. ആശിഷ്, പ്രണവ്യ പ്രകാശൻ എന്നിവർ ഹാജരായി.
