ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് നാല് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പുതിയ അദ്ധ്യക്ഷന്മാരെ നിയമിച്ചു.
ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി ഹർഷ് മല്‍ഹോത്രയാണ് പുതിയ അദ്ധ്യക്ഷൻ. ഹരിയാനയില്‍ അർച്ചന ഗുപ്തയെയും പഞ്ചാബില്‍ കേവല്‍ സിംഗ് ദില്ലനെയും ത്രിപുരയില്‍ അഭിഷേക് ദെബ്രോയിയെയും പുതിയ അദ്ധ്യക്ഷന്മാരായി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് പാർട്ടി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു.
വീരേന്ദ്ര സച്ച്‌ദേവയ്ക്ക് പകരക്കാരനായാണ് ഹർഷ് മല്‍ഹോത്ര നിയമിതനായത്. ശക്തമായ സംഘടനാ കഴിവുകളും ഡല്‍ഹി രാഷ്ട്രീയത്തിലെ വിപുലമായ പരിചയവും കൊണ്ട് ബിജെപിയില്‍ വലിയ സ്വാധീനമുള്ളയാളാണ് അദ്ദേഹം. നിലവില്‍ കേന്ദ്ര കോർപ്പറേറ്റ് കാര്യ സഹമന്ത്രിയായും റോഡ് ഗതാഗത, ഹൈവേ മന്ത്രിയായും സേവനമനുഷ്ഠിക്കുന്നു. ലോക്സഭയില്‍ ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.
2024ലെ പൊതുതിരഞ്ഞെടുപ്പില്‍ മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന് പകരം മല്‍ഹോത്രയെ ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ നിന്ന് നാമനിർദ്ദേശം ചെയ്യുകയായിരുന്നു. ഇന്ത്യ സഖ്യത്തിന്റെ നോമിനിയായ കുല്‍ദീപ് കുമാറിനെ പരാജയപ്പെടുത്തിയാണ് വിജയം നേടിയത്.

