Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നോ, വേ... ബ്രസീല്‍!  പ്രീക്വാര്‍ട്ടറില്‍  നോര്‍വേയോട് തോറ്റ് പുറത്ത്

നോ, വേ... ബ്രസീല്‍! പ്രീക്വാര്‍ട്ടറില്‍ നോര്‍വേയോട് തോറ്റ് പുറത്ത്

ന്യൂയോർക്ക്: അഞ്ചുവട്ടം കപ്പുയർത്തിയ ബ്രസീലിനുമുന്നില്‍ പ്രീക്വാർട്ടറില്‍ വഴിയടച്ച്‌ നോർവേ. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ബ്രസീലിനെ തോല്‍പ്പിക്കാൻ നോർവേയ്ക്ക് തുണയായത് 79, 90 മിനിട്ടുകളിലെ സൂപ്പർ താരം എർലിംഗ് ഹാലാൻഡിന്റെ ഇരട്ടഗോളുകള്‍.

14-ാം മിനിട്ടിലെ പെനാല്‍റ്റിയുള്‍പ്പെടെ നിരവധി അവസരങ്ങള്‍ തുലച്ച ബ്രസീലിന്, ഒ‌ടുവില്‍ ഇൻജുറിടൈമിലെ നെയ്മറുടെ പെനാല്‍റ്റി ഗോളിലൂടെ ആശ്വാസം കണ്ടെത്തേണ്ടിവന്നു. 1990നുശേഷം ആദ്യമായാണ് ബ്രസീല്‍ ലോകകപ്പില്‍ ക്വാർട്ടറിന്‌ മുന്നേ മടങ്ങുന്നത്.

മറ്റൊരു പ്രീക്വാർട്ടറില്‍ ആതിഥേയരായ മെക്സിക്കോയെ തോല്‍വിയിലേക്ക് തള്ളിവിട്ട് ഇംഗ്ളണ്ട് ക്വാർട്ടർ ഫൈനലിലെത്തി. തിരപോലെ ഇരമ്പിയാർത്ത മെക്സിക്കൻ ആരാധകർക്ക് മുന്നില്‍ 3- 2നായിരുന്നു ഇംഗ്ളീഷ് ജയം. ജൂഡ് ബെല്ലിംഗ്ഹാം ഇരട്ടഗോളടിച്ചപ്പോള്‍ ഹാരി കേൻ പെനാല്‍റ്റിയിലൂടെ വലകുലുക്കി. ജൂലിയൻ ക്വിനോനസും റൗള്‍ ജിമിനേസുമായിരുന്നു മെക്സിക്കൻ സ്കോറർമാർ.

നെയ്മർ ബൂട്ടഴിച്ചു

പലതവണ പരിക്കുകള്‍ വഴിമുടക്കിയ കരിയറിന് നോർവേയ്ക്കെതിരായ പെനാല്‍റ്റി ഗോള്‍നേട്ടത്തോടെ വിരാമമിട്ട് ബ്രസീലിയൻ ഇതിഹാസം നെയ്മർ. പെലെയ്ക്കുശേഷം നാലുലോകകപ്പുകളില്‍ ഗോളടിക്കുന്ന ആദ്യ ബ്രസീലിയൻ താരമാണ് നെയ്മർ. ഈ ലോകകപ്പില്‍ പരിക്കേറ്റതിനാല്‍ സ്കോട്ട്‌ലാൻഡിനെതിരെയും നോർവേയ്ക്ക് എതിരെയും പകരക്കാരനായി ഇറങ്ങാനേ കഴിഞ്ഞുള്ളൂ.

അർജന്റീന ഇന്ന് ഈജിപ്തിനോട്

ഇന്ന് രാത്രി 9.30ന് നടക്കുന്ന പ്രീക്വാർട്ടർ മത്സരത്തില്‍ അർജന്റീന ഈജിപ്തിനെ നേരിടും. രണ്ടാംറൗണ്ടില്‍ കേപ് വെർദേയ്ക്കെതിരെ ഭാഗ്യത്തിനാണ് മെസിയും സംഘവും രക്ഷപെട്ടത്. രാത്രി 1.30ന് മറ്റൊരു പ്രീക്വാർട്ടറില്‍ കൊളംബിയ സ്വിറ്റ്സർലൻഡിനെ നേരിടും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi