മലപ്പുറം: ഉറങ്ങിക്കിടന്ന യുവതിയുടെ പാദസരം മോഷ്‌ടിച്ച കള്ളന് പറ്റിയത് വൻ അബദ്ധം. വണ്ടൂർ പോരൂർ കരുവാറ്റക്കുന്ന് കക്കുണ്ട് പള്ളിക്ക് സമീപം മംഗലപ്പറമ്പൻ അബ്‌ദുസലാമിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. മോഷണം പോയത് മുക്കുപണ്ടമായതിന്റെ ആശ്വാസത്തിലാണ് കുടുംബം.
വീടിന്റെ വാതിലുകള്‍ തുറന്നിട്ട നിലയിലായിരുന്നു. മരുമകളും കുട്ടിയും ഉള്‍പ്പെടെ കിടന്നുറങ്ങിയിരുന്ന മുറിയിലാണ് മോഷണം നടന്നത്. അലമാരയിലെ സാധനങ്ങള്‍ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി പരിശോധിച്ച നിലയിലാണ്. വാതിലുകള്‍ തുറക്കുമ്പോള്‍ ശബ്‌ദം കേള്‍ക്കാതിരിക്കാനായി ഓയില്‍ ഒഴിച്ചിരുന്നതായും മുറികളില്‍ പരിശോധന നടത്തിയതായും വീട്ടുകാർ പറഞ്ഞു. അടുക്കള ഭാഗത്തെ ഓടുകള്‍ മാറ്റിയാണ് കള്ളൻ അകത്തുകടന്നത്. വീട്ടുകാർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വണ്ടൂർ സബ് ഇൻസ്‌പെക്‌ടർ വി കെ പ്രദീപും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

