ടോക്കിയോ: ഒമ്ബത് പേരെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രീസറില്‍ സൂക്ഷിച്ചതായി കുറ്റസമ്മതം നടത്തി ജപ്പാനിലെ 'ട്വിറ്റര്‍ കില്ലര്‍" തകാഹിരോ ഷിറൈഷി.
കഷണങ്ങളാക്കിയ ഒമ്ബത് മൃതദേഹങ്ങളും 240ലേറെ എല്ലിന്‍ കഷണങ്ങളും പെട്ടികളിലാക്കി സൂക്ഷിച്ചിരുന്നത് 29കാരനായ ഷിറൈഷിയുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.
ഇയാള്‍ക്കെതിരെ ബലാത്സംഗ കുറ്റവും നിലവിലുണ്ട്. ആത്മഹത്യ ചെയ്യുന്നതായി ട്വീറ്റ് ചെയ്ത 15നും 26നും മദ്ധ്യേ പ്രായമുള്ളവരുമായി ട്വിറ്ററിലൂടെ ബന്ധപ്പെടുകയും ജീവനൊടുക്കാന്‍ താന്‍ സഹായിക്കാമെന്നും അല്ലെങ്കില്‍ അവര്‍ക്കൊപ്പം മരിക്കാമെന്നും വാഗ്ദാനം ചെയ്ത ശേഷം അവരെ കൊലപ്പെടുത്തുകയായിരുന്നു ഷിറൈഷിയുടെ രീതി.
ട്വിറ്ററിലൂടെ ഇരകളെ കണ്ടെത്തി കൊലപ്പെടുത്തുന്നതിനാലാണ് 'ട്വിറ്റര്‍ കില്ലര്‍' എന്ന പേരു വന്നത്.
ഒരു ജാപ്പനീസ് മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇരകളുടെ സമ്മതത്തോടെയല്ല കൊന്നതെന്ന് ഷിറൈഷി പറഞ്ഞിരുന്നു.
തനിക്ക് സ്വയം ജീവനൊടുക്കണമെന്ന് തുടര്‍ച്ചയായി ട്വീറ്റ് ചെയ്ത 23കാരിയെ കാണാതായതിനെ തുടര്‍ന്ന് സഹോദരന്‍ യുവതിയുടെ ട്വിറ്റര്‍ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ ട്വിറ്റര്‍ ഹാന്‍ഡില്‍ ശ്രദ്ധയില്‍ പ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൂന്ന് വര്‍ഷം മുമ്ബ് ഷിറൈഷി പൊലീസിന്റെ പിടിയിലാവുന്നത്.
എന്നാല്‍ ഷിറൈഷിയെ വധശിക്ഷയ്ക്ക് വിധിക്കരുതെന്നും സ്വയം ജീവനൊടുക്കാന്‍ തീരുമാനിച്ചവരെ അവരുടെ സമ്മതത്തോടെയാണ് കൊലപ്പെടുത്തിയതെന്നും അയാളുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

