തിരുവല്ല: ഓണത്തെ വരവേല്‍ക്കാൻ കൃത്യമായ ആസൂത്രണത്തോടെ ബന്ദി കൃഷിയും പച്ചക്കറി കൃഷിയുമായി കുറ്റൂരിലെ കർഷകർ. ഇത്തവണ ഓഗസ്റ്റില്‍ എത്തുന്ന ഓണത്തിനായി വിളവെടുക്കുവാൻ മേയ് അവസാന വാരം വാർഡ് മെമ്പർമാരുടെ സഹകരണത്തോടെ ബന്ദി കൃഷിയിറക്കി.
7-ാം വാർഡുമെമ്പർ ജോണ്‍ പി.ജോണും ബീന, കന്നാക്കുഴിമലയിലും നേതൃത്വം നല്‍കുന്ന ഒരുമ കൃഷിക്കൂട്ടം, സന്തോഷ് വി.ആർ വഞ്ചിക്കാപ്പുഴ, ബിനുകുമാർ കല്ലമ്പറമ്പില്‍ എന്നിവരാണ് വാണിജ്യടിസ്ഥാനത്തില്‍ കൃഷിയിറക്കുന്നത്. പ്രകൃതി കനിഞ്ഞാല്‍ അത്തം മുതല്‍ പൂവിന്റെ ലഭ്യത ഉറപ്പാക്കാനാണ് ഉദ്ദേശം. ടി.എ സ്‌കറിയ തോട്ടത്തില്‍, സന്തോഷ് വി.ആർ വഞ്ചിക്കാപ്പുഴ, ബിനുകുമാർ കല്ലമ്പറമ്പില്‍, ഡാനിയേല്‍ കാപ്പിയുഴത്തില്‍, വിവിധ കൃഷിക്കൂട്ടങ്ങള്‍, ഗോപി കളീക്കമലയില്‍, ദേവരാജൻ തോപ്പില്‍, രഘുനാഥ പിള്ള തോപ്പില്‍, സ്വപ്ന കുന്നുകണ്ടതില്‍ തുടങ്ങിയ കർഷകർ പച്ചക്കറി, ഏത്തവാഴ എന്നിവ ഓണത്തിനായി ഒരുക്കുന്നു. ഓണക്കാല പച്ചക്കറിക്കായി നിലമൊരുക്കല്‍ പൂർത്തിയായി. അടിസ്ഥാന വളവും കുമ്മായവും ഇട്ടു തടം തയാറാക്കിയിട്ടുണ്ട്.
പടവലം മുതല്‍ കുമ്പളം വരെ
ജൂണ്‍ ആദ്യ വാരം കൃഷിയിറക്കും. പടവലം, പാവല്‍, പയർ, വെള്ളരി,വെണ്ട മത്തൻ, കുമ്പളം എന്നിവയാണ് പ്രധാനമായും കൃഷിയിറക്കുന്നത്. കൂടാതെ ചേന, ചേമ്പ്, കപ്പ, ഇഞ്ചി എന്നിവ നേരത്തെ തന്നെ കൃഷിയിറക്കിയിട്ടുണ്ട്. കൃഷിഭവന്റെ പൂർണ മേല്‍നോട്ടത്തിലാണ് കൃഷികള്‍. കർഷകർക്കായി വിത്ത്, വളം, കുമ്മായം ധന സഹായം എന്നിവ നല്‍കാനുള്ള പദ്ധതികള്‍ക്കായി അനുമതിയ്ക്കായി കാത്തിരിക്കുകയാണ് കൃഷി ഭവൻ. അനുമതി ലഭിക്കുന്ന മുറയ്ക്ക് അത് കർഷകർക്ക് ലഭ്യമാക്കും.വന്യമൃഗ ശല്യത്തിനെതിരെ സമഗ്രമായ പദ്ധതി ഒരുക്കി സമർപിക്കുവാനുള്ള തയാറെടുപ്പിലാണ് ഉദ്യോഗസ്ഥർ.
................................................
ഓണത്തോടനുബന്ധിച്ചു കർഷകരില്‍ നിന്നും കൃഷി വകുപ്പിന്റെ ഓണചന്തയിലേയ്ക്ക് ഈ പച്ചക്കറികള്‍ സംഭരിക്കാനാണ് ഉദ്ദേശം.
താരാ മോഹൻ
(കൃഷി ഓഫീസർ)

