തിരുവനന്തപുരം: വര്‍ണവേദിയും നേരിട്ടുള്ള ആസ്വാദകരുമില്ലാതെ 43-ാമത് സൂര്യഫെസ്റ്റിവലിന് ഓണ്‍ലൈനില്‍ തുടക്കമായി. കഴിഞ്ഞ 42 ഫെസ്റ്റിവലിന്റെയും ആദ്യ ഗായകനായ കെ.ജെ.യേശുദാസാണ് ഇത്തവണയും ഫെസ്റ്റിവലിന് തുടക്കമിട്ടത്. ഇന്നലെ വൈകിട്ട് 6.45 ന് യേശുദാസ് ഓണ്‍ലൈനിലൂടെ കച്ചേരി അവതരിപ്പിച്ചപ്പോള്‍ സൂര്യയുടെ യൂട്യൂബിലൂടെ അത് പതിനായിരങ്ങള്‍ വീക്ഷിച്ചു. ആദ്യമായാണ് സൂര്യ ഫെസ്റ്റിവല്‍ ഓണ്‍ലൈനില്‍ നടക്കുന്നത്.
അര മണിക്കൂര്‍ നീണ്ട കച്ചേരിയില്‍ യേശുദാസ് സരസ്വതീ ജപനാദമാപാഹി എന്ന വര്‍ണവും ഏയ്റാനാപൈ എന്ന വര്‍ണവും ആലപിച്ചു. ഇന്ന് മീനാക്ഷി ശ്രീനിവാസന്റെ ഭരതനാട്യമാണ്. വരും ദിവസങ്ങളില്‍ മഞ്ജുവാര്യര്‍, ലക്ഷ്മിഗോപാലസ്വാമി, ദിവ്യാ ഉണ്ണി, ആശാശരത്, പ്രിയദര്‍ശിനി ഗോവിന്ദ്, രമാ വൈദ്യനാഥന്‍, നീനാപ്രസാദ്, ജാനകി രംഗരാജന്‍ എന്നിവര്‍ പരിപാടി അവതരിപ്പിക്കും. സമാപന ദിവസം പണ്ഡിറ്റ് ഭീംസെന്‍ ജോഷിക്കും പണ്ഡിറ്റ് ജസ് രാജിനും പ്രണാമമര്‍പ്പിച്ചുകൊണ്ട് രമേശ് നാരായണന്‍ പാടും.
