Dailyhunt
ഒരാഴ്ചയ്ക്കിടെ മെഡി.ഓക്സിജന്‍ വില 50% വര്‍ദ്ധിച്ചു

ഒരാഴ്ചയ്ക്കിടെ മെഡി.ഓക്സിജന്‍ വില 50% വര്‍ദ്ധിച്ചു

പാലക്കാട്: കൊവിഡ് രണ്ടാംതരംഗം ആഞ്ഞടിക്കുമ്ബോള്‍ വില കുത്തനെ കൂട്ടി പകല്‍ കൊള്ള നടത്തുകയാണ് മെഡിക്കല്‍ ഓക്സിജന്‍ നിര്‍മ്മാണ കമ്ബനികള്‍. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഓക്സിജന്‍ ഉപയോഗ സാദ്ധ്യത മുന്നില്‍ കണ്ടാണ് കമ്ബനികള്‍ തീവെട്ടിക്കൊള്ള നടത്തുന്നത്.

ഒരാഴ്ച മുമ്ബുവരെ സംസ്ഥാനത്ത് ഒരു ക്യൂബിക് ഓക്സിജെന് 11.50 രൂപയായിരുന്നു വിലയെങ്കില്‍ ഇന്ന് 17 ആയി. ഒരാഴ്ചയ്ക്കിടെ 50% വില വര്‍ദ്ധിച്ചു. വരും ദിവസങ്ങളില്‍ ആവശ്യം കൂടുന്നതിന്റെ അടിസ്ഥാനത്തില്‍ വിലയും കുത്തനെ കൂടും. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പകല്‍കൊള്ളയ്ക്ക് മൂക്കുകയറിടണമെന്ന ആവശ്യം ശക്തമാണ്.

സംസ്ഥാനത്തെ ഭൂരിപക്ഷം ആശുപത്രികളിലേക്കും ഓക്സിജന്‍ വിതരണം ചെയ്യുന്നത് കഞ്ചിക്കോട്ടെ സ്വകാര്യ കമ്ബനിയാണ്.

സംസ്ഥാനത്തെ ഏക ലിക്വിഡ് ഓക്സിജന്‍ ഉല്പാദകരാണിവര്‍. മുമ്ബ് മേഖലയില്‍ നാല് കമ്ബനികള്‍ മെഡിക്കല്‍ ഓക്സിജന്‍ നിര്‍മ്മിച്ചിരുന്നു. മറ്റുള്ളവര്‍ സിലിണ്ടര്‍ റീഫില്‍ മാത്രമേ ചെയ്യുന്നുള്ളു. ഓക്സിജന്‍ നിര്‍മ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കള്‍ വെള്ളവും വൈദ്യുതിയുമാണ്. കഞ്ചിക്കോട് പ്ലാന്റിന് ആവശ്യമുള്ള വെള്ളം മലമ്ബുഴ അണക്കെട്ടില്‍ നിന്ന് കിന്‍ഫ്ര മുഖേനയാണ് നല്‍കുന്നത്. വൈദ്യുതി കെ.എസ്.ഇ.ബിയും. ഇതുരണ്ടിനും സര്‍ക്കാര്‍ വില വര്‍ദ്ധിപ്പിക്കാത്ത സാഹചര്യത്തിലാണ് ഓക്സിജന് അമിത വിലയെന്നതും ശ്രദ്ധേയമാണ്.

ഉല്പാദനത്തിന്റെ 75% അന്യസംസ്ഥാനങ്ങള്‍ക്ക്

പ്രതിദിനം 150 ടണ്‍ ഓക്സിജനാണ് കഞ്ചിക്കോട്ട് ഉല്പാദിപ്പിക്കുന്നത്. 1000 ടണ്‍ വരെ സംഭരിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ഉല്പാദിപ്പിക്കുന്ന ഓക്സിജന്റെ 75% കര്‍ണാടക, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങള്‍ക്കാണ് നല്‍കുന്നത്. മഹാരാഷ്ട്രയില്‍ ഒരു ക്യുബിക് മീറ്റര്‍ ഓക്സിജന് 50 രൂപയിലധികം നല്‍കണം. ഈ ലാഭമാണ് ഓക്സിജന്‍ അന്യസംസ്ഥാനങ്ങളിലേക്ക് നല്‍കുന്നതിന് കമ്ബനികളെ പ്രേരിപ്പിക്കുന്നത്.

ലിക്വിഡ് ഓക്സിജന്‍

നിര്‍ദിഷ്ട താപനിലയില്‍ തണുപ്പിച്ച ടാങ്കുകളിലാണ് ദ്രവഓക്സിജെന്‍ സൂക്ഷിക്കുന്നത്. ഓക്സിജന്‍ എത്തിക്കുന്ന ടാങ്കറുകളിലും ആശുപത്രികളുള്‍പ്പെടെ വിവിധ സ്ഥാപനങ്ങളുടെ ടാങ്കുകളിലും ഇതേ ഊഷ്മാവ് തന്നെ ക്രമീകരിക്കണം. ദ്രവ ഓക്സിജന്‍ ചുരുളന്‍ വേപ്പറൈസര്‍ കോയിലുകള്‍ക്കുള്ളിലൂടെ കടത്തിവിട്ട് യഥാര്‍ത്ഥ അന്തരീക്ഷ ഊഷ്മാവിലേക്ക് മാറ്റുമ്ബോള്‍ വാതക രൂപത്തിലാകും.

പ്രമുഖ ആശുപത്രികളിലെല്ലാം ദ്രവ ഓക്സിജന്‍ സൂക്ഷിക്കാനുള്ള ടാങ്കുകളും വേപ്പറേസൈഷന്‍ നടത്തി ഓക്സിജന്‍ വിതരണ ഉപകരണങ്ങളിലേക്ക് നേരിട്ടെത്തിക്കാനുള്ള സജ്ജീകരണവുമുണ്ട്.

പഴയ രീതിയില്‍ സിലിണ്ടര്‍ തന്നെ ഉപയോഗിക്കുന്നവരുമുണ്ട്. ഇവര്‍ക്ക് വിതരണക്കാര്‍ ലിക്വിഡ് ഓക്സിജന്‍ രൂപമാറ്റം വരുത്തി സിലിണ്ടറുകളില്‍ നിറച്ചുനല്‍കും. 1 ടണ്‍ മുതല്‍ 13 ടണ്‍ വരെ ശേഷിയുള്ള ടാങ്കുകളാണ് സംസ്ഥാനത്തുള്ളത്. ഉപയോഗിക്കുന്നത്. വിതരണക്കാര്‍ 20 ടണ്‍ ടാങ്കുവരെ സ്ഥാപിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi