അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ഡോ.പത്മകുമാറാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചത്.
1983ല്‍ എം.ബി.ബി.എസ് വിദ്യാർത്ഥിയായാണ് പത്മകുമാർ കോളേജില്‍ എത്തിയത്. 43 വർഷങ്ങള്‍ക്കു ശേഷം കോളേജിന്റെ തലവനായി പ്രിൻസിപ്പല്‍ സ്ഥാനത്ത് നിന്നാണ് മടക്കം. ഡോക്ടറായ ശേഷം മൂന്നുപതിറ്റാണ്ടില്‍ കൂടുതലും ആലപ്പുഴയില്‍ തന്നെയായിരുന്നു സേവനം. ആലപ്പുഴയില്‍ മെഡിസിൻ വിഭാഗത്തില്‍ ട്യൂട്ടറായി സേവനമാരംഭിച്ച ഡോ.പത്മകുമാർ ജനകീയ ഡോക്ടറായാണ് അറിയപ്പെടുന്നത്.
2011ല്‍ മികച്ച ഡോക്ടർക്കുള്ള സംസ്ഥാന സർക്കാർ പുരസ്ക്കാരം തേടിയെത്തി. എലിപ്പനിയെക്കുറിച്ചുള്ള പഠനത്തിന് കേരള സർവ്വകലാശാലയില്‍ നിന്നും പി.എച്ച്.ഡിയും ലഭിച്ചു. വൈദ്യശാസ്ത്ര വിഷയങ്ങളെ ആസ്പദമാക്കി ആയിരത്തോളം ലേഖനങ്ങളും മുപ്പതിലേറെ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.1983ല്‍ ബി.എസ്.സി സുവോളജിയില്‍ കേരള സർവ്വകലാശാലയില്‍ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കിയാണ് മെഡിക്കല്‍ കോളേജില്‍ എത്തിയത്. മറാത്ത് വാഡ സർവ്വകലാശാലയില്‍ നിന്ന് എം.ഡി, ഹൈദരാബാദ് നിസാം ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് റുമറ്റോളജിയില്‍ ഫെല്ലോഷിപ്പ്, കേംബ്രിഡ്ജ് സർവ്വകലാശാലയില്‍ നിന്നും റുമറ്റോളജിയില്‍ വിദഗ്ധ പരിശീലനം, ആരോഗ്യ സർവ്വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ ജെറിയാട്രിക്സ് സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവ ലഭിച്ചിട്ടുണ്ട്. തൃശൂർ, തിരുവനന്തപുരം, കൊല്ലം, കോന്നി മെഡിക്കല്‍ കോളേജുകളില്‍ മെഡിസിൻ വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
