കൊച്ചി: കൊവിഡിന്റെ മറവില്‍ പെരുകി ചോരകുടിക്കാനെത്തുന്ന വില്ലനെ കരുതിയിരിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധര്‍. ജില്ലയില്‍ ഡെങ്കിപ്പനി അതിവേഗത്തില്‍ പടരുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളേക്കാള്‍ മൂന്നിരട്ടിയാണ് ഈവര്‍ഷം എറണാകുളത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡെങ്കിക്കേസുകള്‍. 700 എണ്ണം. ജനുവരി മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സ തേടിയെത്തിയത് മേയിലാണ്. ജില്ലയുടെ കിഴക്കന്‍ മേഖലയിലും നഗരപ്രദേശത്തുമാണ് കൂടുതല്‍ രോഗികള്‍.
വൈറസ് രോഗമായതിനാല്‍ ഡെങ്കിപ്പനിയ്ക്കും പ്രത്യേക മരുന്നില്ല. തുടക്കത്തിലെ ചികിത്സിച്ചാല്‍ കുഴപ്പമില്ല.
പൈനാപ്പിള്‍, റബര്‍ കര്‍ഷകരും ശ്രദ്ധിക്കണമെന്നും പനിയ്ക്കോ രോഗലക്ഷണങ്ങള്‍ക്കോ സ്വയം ചികിത്സ നടത്തരുതെന്നും വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു.
ലക്ഷണങ്ങള്‍
പനിയോടൊപ്പം തലവേദന, പേശികളിലും സന്ധികളിലും വേദന, കണ്ണിന് പുറകില്‍ വേദന, ശരീരത്തില്‍ ചുവന്നുതടിച്ച പാടുകള്‍
വര്‍ഷം - കണക്ക് (ജനുവരി മുതല്‍ ജൂണ്‍ വരെ)
2020 - 700
2019 -147
2018 - 192
പ്രത്യേകതയുള്ള ഈഡിസ്
ഡെങ്കിപ്പനി പടര്‍ത്തുന്ന വില്ലന്‍ ഈഡിസ് കൊതുകുകള്‍ പകല്‍ മാത്രമേ കടിക്കൂ. 200-250 മീറ്റര്‍ ദൂരം മാത്രമേ പറക്കൂ. വെള്ളത്തില്‍ മുട്ടയിടണമെന്നില്ല. വെള്ളമുണ്ടെങ്കില്‍ ഒരാഴ്ച കൊണ്ട് കൊതുകുകളായി മാറും.
കണ്ണെത്തേണ്ട ഇടങ്ങള്‍
ഫ്രിഡ്‌ജിന് പുറകിലെ ട്രേ, ചെടിച്ചട്ടിയ്‌ക്കടിയിലെ പാത്രം, കുപ്പികള്‍, ടാര്‍പോളിന്‍ ഷീറ്റിലെ ചുളിവുകള്‍, ഉപേക്ഷിച്ച ക്ളോസറ്റ്, ഓടകള്‍, തുടങ്ങിയ ഇടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. ചിരട്ടകള്‍, ടയര്‍, കരിക്കിന്‍ തൊണ്ട്, ജാതിക്ക തൊണ്ട് എന്നിവ കളയുക. ഓടകളില്‍ കല്ലുപ്പ് വിതറിയാലും കൊതുക് നശിക്കും.
''ലോക്ക് ഡൗണ്‍ കാലത്ത് കൊതുകുകള്‍ക്ക് പെറ്റുപെരുകാന്‍ സാഹചര്യമുണ്ടായി. മൂന്നുവര്‍ഷം കൂടുമ്ബോള്‍ ഡെങ്കിക്കൊതുകുകളുടെ വ്യാപനം നടക്കുന്നതും കാരണമാകാം. 2017ലും ഇതുപോലെ എഴുന്നൂറോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.''
ഡോ. വിനോദ്
ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസര്‍
എറണാകുളം
