ജയ്‌പൂർ: രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ പാകിസ്ഥാൻ അതിർത്തിക്ക് സമീപം റെയില്‍വേ പാളത്തില്‍ ഉഗ്രസ്‌ഫോടനമുണ്ടായതായി റിപ്പോർട്ട്.
അനൂപ്‌ഗഢ് - സൂറത്ത്‌ഗഢ് റെയില്‍വേ പാതയിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ റെയില്‍വേ ട്രാക്കിന് കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. ഇതോടെ അനൂപ്‌ഗഢിനും സൂറത്ത്‌ഗഢിനും ഇടയിലുള്ള ട്രെയിൻ സർവീസുകള്‍ റദ്ദാക്കി. സംഭവത്തില്‍ ഭീകരാക്രമണ സാദ്ധ്യത ഉള്‍പ്പെടെ പരിശോധിക്കാൻ തീവ്രവാദ വിരുദ്ധ സേനയായ എടിഎസ് അന്വേഷണം ആരംഭിച്ചു.
റാംസിംഗ്‌പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. റെയില്‍വേ ട്രാക്കിന് താങ്ങായി സ്ഥാപിച്ചിരുന്ന രണ്ട് കോണ്‍ക്രീറ്റ് തൂണുകള്‍ സ്‌ഫോടനത്തില്‍ തകർന്നു. ട്രാക്കിലെ ചില സ്ലീപ്പറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ട്രാക്കിന് താഴെ ഏകദേശം രണ്ടടി ആഴത്തില്‍ കുഴി രൂപപ്പെട്ടതായും സ്‌ഫോടനത്തിന്റെ ശബ്‌ദം 200 മീറ്റർ അകലെവരെ കേട്ടതായും റിപ്പോർട്ടുണ്ട്.
ഇന്നലെ രാത്രി ഒമ്പത് മണിയോടെ അനൂപ്‌ഗഢില്‍ നിന്ന് സൂറത്ത്‌ഗഢിലേക്കുള്ള ട്രെയിൻ ഈ വഴി കടന്നുപോയിരുന്നു. ഇത് കഴിഞ്ഞ് ഏകദേശം 45 മിനിട്ടിന് ശേഷമാണ് സ്‌ഫോടനമുണ്ടായത്. പാസഞ്ചർ ട്രെയിൻ തകർക്കാനുള്ള ശ്രമമായിരുന്നു ഇതെന്നും സംശയിക്കുന്നുണ്ട്. ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്, ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, ഡോഗ് സ്‌ക്വാഡ്, വിവിധ സുരക്ഷാ ഏജൻസികള്‍, റെയില്‍വേ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലർച്ചെ രണ്ട് മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മറ്റൊരു സംഘവും പരിശോധനയ്‌ക്കെത്തി. ഫോറൻസിക് സംഘവും, ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തും.

