ന്യൂഡല്‍ഹി : പാകിസ്ഥാനില്‍ നിന്നുള്ള വെബ് സീരീസുകളും മറ്റ് ഉള്ളടക്കങ്ങളും ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ നെറ്റ്ഫ്ലിക്സിന് കേന്ദ്രസർക്കാർ നിർദദേശം നല്‍കി.
പാകിസ്ഥാനില്‍ നിർമ്മിച്ച ' ജോ ബച്ചെ ഹെ സാംഗ് സമൈത് ലോ ' എന്ന വെബ് സീരിസ് ഇന്ത്യയില്‍ റിലീസ് ചെയ്തേക്കുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടി. സീരീസിന്റെ പ്രദർശനം തടയണം എന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.
ഇന്ത്യയില്‍ പാകിസ്ഥാൻ നിർമ്മിത ഉള്ളടക്കങ്ങള്‍ പ്രദർശിപ്പിക്കുന്നത് നിറുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2025 മേയ് 8ന് പുറപ്പെടുവിച്ച നിർദ്ദേശം പാലിക്കണമെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നെറ്റ്ഫ്ലിക്സിനോട് നിർദ്ദേശിച്ചു. പാകിസ്ഥാനില്‍ നിർമ്മിച്ച ഒരു സിനിമയോ പരമ്പരയോ ഇന്ത്യൻ വരിക്കാർക്കായി ലഭ്യമാക്കിയിട്ടില്ലെന്ന് ജൂണില്‍ നെറ്റ്ഫ്ലിക്സ് നല്‍കിയ ഉറപ്പ് മന്ത്രാലയം ഓർമ്മിപ്പിച്ചു. ആ നിലപാട് തുടരണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ' ജോ ബച്ചെ ഹെ സാംഗ് സമൈത് ലോ ' എന്ന സീരിസിന്റെ ട്രെയിലർ ചൊവ്വാഴ്ച പുറത്തിറങ്ങിയതിന് പിന്നാലെയാണ് നടപടി.

