അടിമാലി: പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ കാപ്പ കേസ് പ്രതിയും പിതാവും ചേർന്ന് ബന്ധുവായ വൃദ്ധനെ വീട്ടില്‍ കയറി വെട്ടി കൊല്ലാൻ ശ്രമിച്ച കേസില്‍ അച്ഛനും മകനും പൊലീസ് പിടിയില്‍.
കാപ്പ കേസ് പ്രതി തലമാലി കൊല്ലിയത്ത് സിറിയക് (അനീഷ്- 42), പിതാവ് ജോർജ് (65) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. അടിമാലി കുരങ്ങാട്ടി കൊല്ലിയത്ത് ചാക്കോ (70) ഗുരുതര പരിക്കേറ്റ് ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കാപ്പ കേസ് പ്രതിയായ സിറിയക് ഒരു മാസം മുമ്പാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്.
ചെലവിനും കേസ് നടത്തിപ്പിനുമായി 50,000 രൂപ ആവശ്യപ്പെട്ട് സിറിയക്കും പിതാവും ചാക്കോയെ സമീപിച്ചു. ചാക്കോ പണം നല്‍കില്ലെന്ന് അറിയിച്ചു. ഇതോടെ പ്രകോപിതരായ ഇരുവരും കത്തിയും വാക്കത്തിയുമായി ചാക്കോയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിനിടെ ചാക്കോയുടെ ഭാര്യയ്ക്കും പരിക്കേറ്റു.
ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ ഇവർ പിൻവാങ്ങുകയായിരുന്നു. മുമ്പ് കൊലപാതക കേസില്‍ സിറിയക് ശിക്ഷ അനുഭവിച്ചിരുന്നു. ഇതടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. അടിമാലി സി.ഐ സിദ്ധിക്ക് അബ്ദുള്‍ ഖാദർ, എസ്.ഐമാരായ അജീഷ് കെ. ജോണ്‍, അബ്ബാസ് മീരാൻ, എല്‍ദോസ് കുര്യാക്കോസ്, സി.പി.ഒ ജിൻസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
