ഷാര്‍ജ: ഐ.പി.എല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബിന് തുടര്‍ച്ചയായ അഞ്ചാം ജയം. ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 8 വിക്കറ്റിന് കീഴടക്കി പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന് പഞ്ചാബ് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. ആദ്യം ബാറ്റ്ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ പഞ്ചാബ് 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 18.5 ഓവറില്‍ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു. അര്‍ദ്ധ സെഞ്ച്വറികളുമായി നിറഞ്ഞാടിയ ഓപ്പണര്‍ മന്ദീപ് സിംഗും (പുറത്താകാതെ 66), ക്രിസ് ഗെയ്ലുമാണ് (29 പന്തില്‍ 51) പഞ്ചാബിന്റെ ചേസിംഗ് അനായാസം ആക്കിയത്.
നേരത്തേ അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനും (57), 25 പന്തില്‍ 40 റണ്‍സെടുത്ത നായകന് ഒയിന്‍ മോര്‍ഗനും 13 പന്തില്‍ 24 റണ്‍സെടുത്ത് പുറത്താകതെ നിന്ന ലോക്കി ഫെര്‍ഗൂസനുമൊഴികെ മറ്റാര്‍ക്കും കൊല്‍ക്കത്ത നിരയില്‍ ബാറ്റ് കൊണ്ട് തിളങ്ങാനായില്ല.
ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്രാഹുല് ത്രിപതിയെ (0) മാക്സ്വെല് ഗെയ്ലിന്റെ കൈയില്‍ എത്തിച്ചു. അടുത്ത ഓവറില്‍ ഷമി നിതീഷ് റാണയേയും ദിനേഷ് കാര്‍ത്തിക്കിനേയും പൂജ്യരായി കെ.എല്‍. രാഹുലിന്റെ കൈയില്‍ ഒതുക്കിയതോടെ കൊല്‍ക്കത്ത പ്രതിരോധത്തിലാവുകയായിരുന്നു. പഞ്ചാബിനായി ഷമി മൂന്നും ക്രിസ് ജോര്‍ദാന്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
ഐ.പി.എല്‍
പോയിന്റ് ടേബിള്‍
ടീം കളി പോയിന്റ്
എന്ന ക്രമത്തില്‍
മുംബയ് 11-14
ഡല്‍ഹി11-14
ബാംഗ്ലൂര്‍11-14
പഞ്ചാബ് 12-12
കൊല്‍ക്കത്ത 12-12
രാജസ്ഥാന് 12-10
ഹൈദരാബാദ് 11-8
ചെന്നൈ 12-8
ഇന്നത്തെ മത്സരം
ഹൈദരാബാദ് - ഡല്‍ഹി
(രാത്രി 7.30 മുതല്‍)

