Dailyhunt
പഞ്ചാബിനെ ടൈറ്റാക്കി ഗുജറാത്ത്

പഞ്ചാബിനെ ടൈറ്റാക്കി ഗുജറാത്ത്

ഹമ്മദാബാദ് : കഴിഞ്ഞ ദിവസം ഈ സീസണിലെ തുടർച്ചയായ മൂന്നാം ജയം നേടിയ ഗുജറാത്ത് ടൈറ്റാൻസ് പ്ളേഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനെ ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സിലൊതുക്കിയ ശേഷം ഗുജറാത്ത് ഒരു പന്തും നാലുവിക്കറ്റുകളും ശേഷിക്കേ വാഷിംഗ്ടണ്‍ സുന്ദറിന്റെ സിക്സിലൂടെ വിജയം കാണുകയായിരുന്നു. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള പഞ്ചാബ് കിംഗ്സിന് ‌ ഈ സീസണിലെ തുടർച്ചയായ രണ്ടാം തോല്‍വിയായിരുന്നു ഇത്.

സീസണിലെ ഒൻപത് മത്സരങ്ങളില്‍ 13 പോയിന്റുമായി പഞ്ചാബ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.10 മത്സരങ്ങളില്‍ 12 പോയിന്റുമായി ഗുജറാത്ത് അഞ്ചാം സ്ഥാനത്തുണ്ട്.ആർ.സി.ബിയേയും ചെന്നൈയേയും തോല്‍പ്പിച്ചതിന് പിന്നാലെയാണ് ഗുജറാത്ത് പഞ്ചാബിനെയും കീഴടക്കിയത്. ഈ സീസണിലെ ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റിന് പഞ്ചാബിനോട് തോറ്റതിന് ഹോംഗ്രൗണ്ടില്‍ പകരം വീട്ടുകയായിരുന്നു ഗുജറാത്ത് ടൈറ്റാൻസ്.

47 റണ്‍സെടുക്കുന്നതിനി‌ടെ അഞ്ചുവിക്കറ്റുകള്‍ നഷ്ടമായിരുന്ന പഞ്ചാബിനെ സുയാംശ് ഹെഗ്ഡേയുടെ(57) അർദ്ധസെഞ്ച്വറിയും മാർക്കസ് സ്റ്റോയ്നിസിന്റെയും (40), മാർക്കോ യാൻസെന്റേയും (20 ) പിന്തുണയുമാണ് ഈ സ്കോറിലെത്തിച്ചത്. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ പ്രിയാംശ് ആര്യയേയും(2) മൂന്നാം പന്തില്‍ കൂപ്പർ കൊനോലിയേയും (0) പുറത്താക്കിയ മുഹമ്മദ് സിറാജ് സ്വപ്നതുല്യതുടക്കമാണ് ഗുജറാത്തിന് നല്‍കിയത്.തുടർന്ന് റബാദ പ്രഭ്സിമ്രാൻ സിംഗിനെയും (15) ഹോള്‍ഡർ നെഹാല്‍ വധേരയേയും (0), ശ്രേയസ് അയ്യരെയും (19) പുറത്താക്കിയതോടെയാണ് പഞ്ചാബ് 47/5 എന്ന നിലയിലായത്. ഹോള്‍ഡർ നാലുവിക്കറ്റുകളും സിറാജ്,റബാദ എന്നിവർ രണ്ട് വിക്കറ്റുകള്‍ വീതവും നേടി.റാഷിദ് ഖാന് ഒരു വിക്കറ്റ് ലഭിച്ചു.

മറുപടിക്കിറങ്ങിയ ഗുജറാത്തിനായി ഓപ്പണർ സായ് സുദർശൻ (57) ഒരറ്റത്തുനിന്ന് പൊരുതിയതാണ് ചേസിംഗ് മുന്നോട്ടുകൊണ്ടുപോയത്. ശുഭ്മാൻ ഗില്‍ (5) തുടക്കത്തിലേ മടങ്ങിയെങ്കിലും ജോസ് ബട്ട്‌ലർ(26),നിഷാന്ത് സിന്ധു (15), വാഷിംഗ്ടണ്‍ സുന്ദർ (40 നോട്ടൗട്ട്) എന്നിവർ നടത്തിയ പോരാട്ടത്തിലൂടെ മത്സരം ഗുജറാത്തിന്റെ കയ്യിലെത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi