Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

പാറക്കുളം ടൂറിസം പദ്ധതിക്ക് ശരവേഗമേകി പഞ്ചായത്ത്

കുളം വൃത്തിയാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിക്കും

ചാത്തന്നൂര്‍: പാറക്കുളം ടൂറിസം പദ്ധതിക്ക് മുന്നോടിയായി കുളം വ‌ൃത്തിയാക്കുന്നത് അടക്കമുള്ള നടപടികള്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ ആരംഭിക്കുമെന്ന് കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് തീരുമാനം.

പതിനാറ് ഏക്കര്‍ ഭൂമിയില്‍ പത്ത് ഏക്കറോളം വ്യാപിച്ചുകിടക്കുന്ന കുളം ഇപ്പോള്‍ ആഫ്രിക്കന്‍ പായല്‍ നിറഞ്ഞും പരിസരങ്ങളില്‍ കാടുവളര്‍ന്നും നശിക്കുകയാണ്. ആറ് വര്‍ഷം മുമ്ബ് പ‌ഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുളത്തില്‍ മത്സ്യക്കൃഷി ആരംഭിച്ചിരുന്നെങ്കിലും വിളവെടുപ്പ് നടത്തിയിരുന്നില്ല.

കുളം വ‌ൃത്തിയാക്കുന്നതിനൊപ്പം മത്സ്യക്കൃഷി വിളവെടുപ്പ് കൂടി നടത്താനാണ് തീരുമാനം.

എതിര്‍പ്പുമായി തത്പര കക്ഷികള്‍
പാറക്കുളം ടൂറിസം പദ്ധതിക്കെതിരെ സ്ഥാപിത താത്പര്യക്കാരുടെ നേതൃത്വത്തില്‍ എതിര്‍പ്പുയരുന്നതായി ആക്ഷേപം. പതിനൊന്ന് വര്‍ഷം മുമ്ബാണ് ടൂറിസം പദ്ധതിക്കായി പാറക്കുളത്തെ പതിനാറ് ഏക്കര്‍ ഭൂമി കല്ലുവാതുക്കല്‍ പഞ്ചായത്ത് പാട്ടത്തിനെടുത്തത്. നിശ്ചിത കാലയളവില്‍ പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭൂമി സര്‍ക്കാരിന് തിരിച്ചെടുക്കാമെന്ന സാങ്കേതികത്വമാണ് ഇവര്‍ ഉയര്‍ത്തുന്നത്. പാറക്കുളത്തിന് ചുറ്റിലുമായി താമസിക്കുന്ന അറുപതോളം കുടുംബങ്ങളില്‍ ഒന്നോ രണ്ടോ പേരൊഴികെ എല്ലാവരും പദ്ധതിക്ക് അനുകൂലമായ നിലപാടിലാണ്. സൗകര്യപ്രദമായ താമസസ്ഥലം ലഭിച്ചാല്‍ ഇവരൊക്കെയും മാറിത്താമസിക്കാന്‍ തയ്യാറാണ്.

 ചിലരുടെ രാഷ്ട്രീയ താത്പര്യങ്ങളും മുട്ടാപ്പോക്കുകളുമാണ് പാറക്കുളം പദ്ധതി ഇത്രയേറെ വൈകാന്‍ ഇടയാക്കിയത്.

എ. ശ്രീധരന്‍ മാസ്റ്റര്‍, മുന്‍ പ്രസിഡന്റ്, കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത്

 തടസങ്ങളെ അതിജീവിച്ച്‌ സംസ്ഥാന സര്‍ക്കാരിന്റെ തദ്ദേശ ടൂറിസം പദ്ധതി മാതൃകയാക്കി പാറക്കുളം പദ്ധതി നടപ്പാക്കും. പുനരധിവസിപ്പിക്കേണ്ടി വരുന്നവര്‍ക്കായി അനുയോജ്യമായ സ്ഥലത്ത് വില്ല പ്രോജക്‌ടും നടപ്പാക്കും.

എസ്. സുധീപ, പ്രസിഡന്റ്, കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത്
എസ്. സത്യപാലന്‍, വൈസ് പ്രസിഡന്റ്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi