Dailyhunt

പട്ടാളം വിട്ട് സണ്‍ വീണ്ടും ബൂട്ടുകെട്ടും

ലണ്ടന്‍: കൊവിഡ് കാലത്ത് മൂന്നാഴ്ചത്തെ സൈനിക സേവനത്തിന് ശേഷം ഇംഗ്ലീഷ് ക്ലബ് ടോട്ടന്‍ ഹാം ഹോ‌ട്സ്പറിന്റെ ദക്ഷിണ കൊറിയന്‍ പ്ലേമേക്കര്‍ സണ്‍ ഹ്യൂ മിന്‍ കളിക്കളത്തിലെ പുതിയ മിഷന് ബൂട്ട് കെട്ടുന്നു. മൂന്നാഴ്ച നീണ്ട കഠിനമേറിയ വെല്ലുവിളി താന്‍ നന്നായി ആസ്വദിച്ചതായി സണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇൗ മാസം പുനരാരംഭിക്കുന്ന ഇംഗ്ലീഷ് പ്രിമിയ‌ര്‍ ലീഗില്‍ പങ്കെടുക്കാനൊരുങ്ങുകയാണ് സണ്‍.

ദക്ഷിണ കൊറിയയിലെ പൂര്‍ണ ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്‍മാരും രണ്ട് വര്‍ഷം നിര്‍ബന്ധിത സൈനിക സേവനം നടത്തണമെന്നാണ് നിയമം. എന്നാല്‍ 2018ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ദേശീയ ഫുട്ബാള്‍ ടീമംഗങ്ങള്‍ക്ക് ദക്ഷിണ കൊറിയ നിര്‍ബന്ധിത സൈനിക സേവനത്തില്‍ ഇളവ് അനുവദിച്ചിരുന്നു. എന്നാലും മൂന്നാഴ്ച അടിസ്ഥാന പരിശീലനവും 500 മണിക്കൂര്‍ സാമൂഹിക സേവനവും ചെയ്യണമായിരുന്നു.

കൊവിഡ് വ്യാപനത്താല്‍ ഇംഗ്ലീഷ് പ്രിമിയ‌ര്‍ ലീഗ് ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകള്‍ നിറുത്തി വച്ചതിനാല്‍ 27കാരനായ സണ്‍ നാട്ടിലെത്തി പട്ടാളക്യാമ്ബില്‍ ചേരുകയായിരുന്നു.ജെജുവിലാണ് സണ്‍ സൈനിക സേവനം നടത്തിയതെന്നാണ് വിവരം. ഫെബ്രുവരിയില്‍ ആസ്റ്റണ്‍ വില്ലക്കെതിരായ മത്സരത്തിനിടെ കൈയുടെ എല്ല് പൊട്ടിയതിനാല്‍ സണ്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ടോട്ടനത്തിനായി കളിച്ചിരുന്നില്ല.

വളരെ നല്ല അനുഭവമായിരുന്നു പട്ടാള ക്യാമ്ബില്‍. അവിടത്തെ എല്ലാ കാര്യങ്ങളും വെളിപ്പെടുത്താനാകില്ല. പക്ഷേ ഞാന്‍ എല്ലാം നന്നായി ആസ്വദിച്ചു. കൂടെയുണ്ടായിരുന്ന എല്ലാവരും വളരെ നല്ലവരായിരുന്നു.മൂന്നാഴ്ചയും കഠിനമായിരുന്നു. പക്ഷേ എല്ലാം നന്നായി ആസ്വദിക്കാനായി. ആദ്യ ദിനം എല്ലാവര്‍ക്കും അപരിചിതത്വത്തിന്റെ ചെറിയ പ്രശ്നമുണ്ടായിരുന്നു. പിന്നീട് അതെല്ലാം വേഗത്തില്‍ മാറി. എല്ലാവരും നല്ലകൂട്ടുകാരായി. ഞങ്ങള്‍ പത്ത് പേരായിരുന്നു ഒരു മുറിയില്‍. എല്ലാവരും എപ്പോഴും ഒന്നിച്ചായിരുന്നു. പരസ്പരം മനസിലാക്കി.സഹായിച്ചു,​കൂടുതല്‍ അടുത്തു. ആ സമയങ്ങള്‍ വളരെ മനോഹരമായിരുന്നു. എന്റെ പരിക്കുകളെല്ലാം ഭേദമായിക്കഴിഞ്ഞു. കളിക്കളത്തിലിറങ്ങാന്‍ കാത്തിരിക്കുകയാണ്.

സണ്‍

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi