Dailyhunt
പഴവിപണിയില്‍ വന്‍ വിലവ‌ര്‍ദ്ധന; ഈത്തപ്പഴത്തിന് ആവശ്യക്കാരില്ല

പഴവിപണിയില്‍ വന്‍ വിലവ‌ര്‍ദ്ധന; ഈത്തപ്പഴത്തിന് ആവശ്യക്കാരില്ല

കണ്ണൂര്‍:റംസാന്‍ കാലത്ത് ഇക്കുറിയും പഴങ്ങള്‍ക്ക് പൊള്ളും വില .കൊവിഡ് നിയന്ത്രണത്തില്‍ തെരുവോര കച്ചവടം ഇല്ലാതായതോടെ കടകളെ ആശ്രയിക്കുന്നതിനാല്‍ ആവശ്യക്കാര്‍ വിലക്കയറ്റം നന്നായി അറിയുന്നുണ്ട്. .നോമ്ബുതുറ വിഭവങ്ങളില്‍ ഒഴിച്ചു കൂടാനാകാത്ത നേന്ത്രപ്പഴത്തിന് കിലോയ്ക്ക് 60 രൂപയാണ് വില.

സീസണാണെങ്കിലും മാമ്ബഴമാണ് വിപണിയില്‍ കൂടുതല്‍ വിറ്റുപോകുന്നത്.കൂട്ടത്തില്‍ കുറ്റിയാട്ടൂര്‍ മാങ്ങയും ബംഗനപ്പള്ളിയ്ക്കുമാണ് വിപണിയിലെ താരങ്ങള്‍ . നാടന്‍ ഇനമായതിനാല്‍ കുറ്റിയാട്ടൂര്‍ മാങ്ങയ്ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഇതിന് 120 രൂപയും ബംഗനപ്പള്ളിക്ക് 150 രൂപയുമാണ് വില.

കാശ്മീരി ആപ്പിളിന് 200 രൂപയും ഗ്രീന്‍ ആപ്പിളിന് 240 രൂപയുമാണ് വില.വേനല്‍ ചൂടായതിനാല്‍ തണ്ണിമത്തനും ഇക്കുറിയും ആവശ്യക്കാര്‍ കൂടുതലാണ്.കര്‍ണാടകയില്‍ നിന്നുള്ള വത്തക്കക്കും ഇറാനി വത്തക്കക്കും കിലോയ്ക്ക് 25 രൂപയാണ്.

ജ്യൂസ് മുന്തിരിക്കും കുരുവില്ലാത്ത വെളള മുന്തിരിക്കും 100 രൂപയാണ്. കുരുവില്ലാത്ത കറുത്ത മുന്തിരിക്ക് 180 രൂപയാകും. ജ്യൂസിന് ഉപയോഗിക്കുന്ന മുസംബിക്ക് 90 രൂപയും ഓറഞ്ചിന് 150 രൂപയുമാണ് ഈടാക്കുന്നത്.

നേരത്തെ 40 നും 60നുമായി വിറ്റ പൈനാപ്പിളിന് 80 രൂപയായി ഉയര്‍ന്നു. സപ്പോട്ടക്കും 80 രൂപയാണ്. സീസണല്ലാത്തതിനാല്‍ ബട്ടറിന് 300 രൂപയാണ് വില . ഉറുമാമ്ബഴത്തിന് കിലോക്ക് 200 രൂപയാണ്. ഷമാം 60, പപ്പായ 50 എന്നിങ്ങനെയാണ് വില.

സുലഭം,​ പക്ഷെ ആവശ്യക്കാര്‍ വേണ്ടേ

കഴിഞ്ഞ വര്‍ഷത്തിന് വിപരീതമായി ഇത്തവണ ഈത്തപ്പഴവും ഉണക്ക കാരക്കയുമെല്ലാം ധാരാളം ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് പറയുന്ന വ്യാപാരികള്‍ക്ക് ഇവ വിറ്റുപോകുന്നില്ലെന്ന പരാതിയുണ്ട് ഇക്കുറി. കഴിഞ്ഞ തവണ കൊവിഡിനെ തുടര്‍ന്ന് ഇറക്കുമതി തീരെ കുറവായിരുന്നു ആവശ്യക്കാര്‍ ധാരാളവും. ആളില്ലാത്തതിനാല്‍ വിലയേറിയ ഈത്തപ്പഴങ്ങള്‍പോലും കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ ഒരുങ്ങുകയാണ് പല കച്ചവടക്കാരും.

കിലോക്ക് 130 രൂപ മുതലാണ് ഈത്തപ്പഴ വില. പാകിസ്ഥാന്‍, ഒമാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഈത്തപ്പഴങ്ങളാണ് വിപണിയില്‍ കൂടുതല്‍. രുചിയുള്ള സൗദിയിനമായ അജ്‌വക്ക് കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് മൊത്തവില 1200ന് മുകളിലായിരുന്നുവെങ്കില്‍ ഇത്തവണ 600 രൂപയേയുള്ളൂ. ടുണീഷ്യ, അള്‍ജീരിയ, ഇറാഖ് എന്നിവിടങ്ങളിനിന്നുള്ളവയും വിപണിയിലുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi